ADVERTISEMENT

കൊച്ചി∙ ട്രെയിൻ യാത്രയ്ക്കിടെ അച്ഛനെയും മകളെയും ആക്രമിച്ച കേസിലെ 3 പ്രതികൾ റെയിൽവേ പൊലീസിന്റെ പിടിയിൽ. മൂന്നിടത്തായി ഒളിവിലായിരുന്ന പ്രതികളെ വ്യാപക തിരച്ചിലിനൊടുവിലാണു പിടികൂടിയത്. ഒന്നാം പ്രതി തൃശൂർ ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോയി, മൂന്നാം പ്രതി ചാലക്കുടി മുരിങ്ങൂർ ഇലഞ്ഞിക്കൽ സിജോ ആന്റോ, നാലാം പ്രതി ചാലക്കുടി ഓടത്തു വീട്ടിൽ സുരേഷ് എന്നിവരാണു പിടിയിലായത്.  

പ്രതികൾ പോകാൻ സാധ്യതയുള്ള ബന്ധുക്കളുടെ വീടുകളും ഫോൺ വിളികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംശയാസ്പദമായ ചില ഫോൺ വിളികൾ പിന്തുടർന്ന പൊലീസ് പ്രതികൾ ഉള്ള മേഖല ബുധനാഴ്ച തന്നെ കണ്ടെത്തിയിരുന്നു. വയനാട്ടിൽ നിന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ എവിടെ നിന്നാണു പിടികൂടിയതെന്ന വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.   

പ്രതികൾ മൂവരും തമ്മിൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള പരിചയം മാത്രമാണുള്ളതെന്നു പൊലീസ് പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലാണു പ്രതികൾ. ഇന്നു പുലർച്ചെ എറണാകുളം സൗത്തിലെ ഗവ. റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ കോടതിയിൽ ഹാജരാക്കും. ട്രെയിനിലെ അക്രമത്തിൽ രണ്ടു പേർക്കു കൂടി പങ്കുള്ളതായി പൊലീസ് കരുതുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് ഇവരിലേക്ക് എത്താനുള്ള ശ്രമമാണു നടത്തുന്നത്. അന്വേഷണച്ചുമതലയുള്ള ഗവ. റെയിൽവേ പൊലീസ് (ജിആർപി) 4 സംഘങ്ങളായി തിരിഞ്ഞാണു പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. 

ജിആർപി എറണാകുളം സ്റ്റേഷൻ ഇൻസ്പെക്ടർ ക്രിസ്പിൻ സാം, എസ്ഐ എ.എൽ.അഭിലാഷ്, എഎസ്ഐ ലൈജു, സിപിഒമാരായ അനൂപ്, നിഷാദ്, രാജീവ്, ലികേഷ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ കണ്ടെത്തിയത്. കഴിഞ്ഞ ശനി രാത്രിയാണു തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ പതിനാറുകാരിയെ സഹയാത്രികർ അപമാനിക്കാൻ ശ്രമിച്ചത്. ഇതു ചോദ്യം ചെയ്ത പിതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയും അക്രമത്തിന് ഇരയായി.

English Summary: Attack on woman in train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com