ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

പ്രതി ആര് ?

സ്ഫോടകവസ്തു എറിഞ്ഞ പ്രതി എത്തിയത് സ്കൂട്ടറിൽ. വെള്ള ഷർട്ട് ധരിച്ചിരുന്നു. ഹെൽമറ്റ് ഇല്ല, മാസ്ക് ധരിച്ചിരുന്നു. സിസിടിവിയുടെ വ്യക്തതയില്ലായ്മ കാരണവും സ്ഥലത്തു വെളിച്ചമില്ലാതിരുന്നതിനാലും പ്രതിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.

സിസിടിവിയിൽ എന്ത് ?

രാത്രി 11.23: സ്കൂട്ടർ ഗേറ്റിനു മുന്നിൽ എത്തുന്നു. വണ്ടി പിറകോട്ടെടുത്തു തിരിച്ചുപോകാൻ പാകത്തിൽ നിർത്തി സ്ഫോടകവസ്തു വലിച്ചെറിയുന്നു.. എകെജി ഹാളിന്റെ ഗേറ്റിന്റെ തൂണിൽ വീണു പൊട്ടി.

11.25: സ്കൂട്ടർ കുന്നുകുഴിയിൽ നിന്നു വരമ്പശേരി ജംക്‌ഷനിലെത്തുന്നു. ഇവിടെ നിന്ന് ലോ കോളജ് ജംക്‌ഷനിലേക്കു പോകുന്നു. അവിടെ നിന്ന് ബാർട്ടൺ ഹിൽ മേഖലയിലേക്ക് അക്രമി പോയി എന്നാണു പൊലീസ് നിഗമനം.

എന്തു സംഭവിച്ചു ?

സ്ഫോടകവസ്തു വന്നു പതിച്ച ഗേറ്റിന്റെ തൂണിൽ ചെറിയ മെറ്റൽ കഷ്ണങ്ങളാണു പാകിയിട്ടുള്ളത്. ഇതിൽ മൂന്നു മെറ്റൽ കഷണങ്ങൾ ഇളകി വീണു. ഇതിനാൽ സ്ഫോടക ശേഷി വളരെ കുറഞ്ഞ വസ്തുവാണെന്നു ഫൊറൻസിക് വിദഗ്ധരുടെ നിഗമനം.

പൊലീസ് എവിടെ ?

എകെജി സെന്ററിന്റെ പ്രധാന േഗറ്റായ ഗേറ്റ് രണ്ടിൽ പൊലീസ് സ്ട്രൈക്കിങ് വിഭാഗത്തിലെ 7 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവിടെനിന്നു സ്ഫോടക വസ്തു എറിഞ്ഞ േഗറ്റിലേക്കു 25 മീറ്റർ ദൂരം. തിരിഞ്ഞുനോക്കിയാൽ കാണാം.

സ്ഫോടക വസ്തു പതിച്ച ഗേറ്റിന്റെ തുണുകളിൽ 2 സിസി ടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ റോഡിനു മറുവശത്ത് ഇലക്ട്രിക് പോസ്റ്റിൽ ലൈറ്റില്ലാത്തതിനാൽ ഇൗ ഗേറ്റിനു മുന്നിലും ഇരുട്ടാണ്.

പരിശോധനയിൽ എന്ത് ?

ഇന്നലെ രാവിലെ 8 മുതൽ 10 വരെ ജില്ലയിലെ സയന്റിഫിക് ഓഫിസറുടെ നേതൃത്വത്തിൽ സ്ഫോടകവസ്തു പതിച്ച സ്ഥലത്തു പരിശോധന നടത്തി. സ്ഥലത്ത് അവശേഷിച്ച കടലാസ് കഷണവും പൊടിയും ശേഖരിച്ചു. 10.30നു പൊലീസിന്റെ എക്സ്പ്ലോസീവ് അസി.ഡയറക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. 

സ്ഫോടകവസ്തു ?

സാധാരണ പടക്കത്തിൽ ഉപയോഗിക്കുന്ന അലുമിനിയം പൗഡർ, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശം കണ്ടെത്തി. പൊട്ടാസ്യം ക്ലോറൈറ്റ് ശക്തിയായി പതിച്ചാൽ സ്ഫോടനം നടക്കും.

English Summary: Blast at AKG centre investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com