ADVERTISEMENT

കണ്ണൂർ∙ രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലുള്ള കടം വിവാദങ്ങൾക്കൊടുവിൽ സിപിഎം വീട്ടി. പയ്യന്നൂർ ഏരിയ കമ്മിറ്റി 9.80 ലക്ഷം രൂപ അടച്ചു. ധനരാജ് രക്തസാക്ഷി ഫണ്ടിൽ കാണേണ്ട 42 ലക്ഷം കാണാതിരുന്നതോടെ ഉയർന്നു വന്ന ഫണ്ട് വിവാദത്തെ തുടർന്ന്, ധനരാജിന്റെ കുടുംബത്തിനുള്ള ബാധ്യത പാർട്ടി വീട്ടുമെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സിപിഎം പ്രഖ്യാപിച്ചിരുന്നു. ധനരാജിന്റെ ആറാമത് രക്തസാക്ഷി ദിനാചരണം 11ന് നടക്കാനിരിക്കെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗപ്പെടുത്തി സിപിഎം 9.80 ലക്ഷം രൂപ അടച്ച് കടം വീട്ടിയത്. ഏരിയ കമ്മിറ്റിക്ക് പയ്യന്നൂർ റൂറൽ സർവീസ് സഹകരണ ബാങ്കിലുള്ള പണം പിൻവലിച്ചാണ് കടം വീട്ടിയതെന്നാണു വിവരം. 

ധനരാജിന്റെയും ഭാര്യയുടെയും പേരിൽ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നത് 14,18,537 രൂപയായിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം പലിശയും മറ്റും ഒഴിവാക്കിയാണ് 9.80 ലക്ഷം രൂപയ്ക്ക് കടം അടച്ചു തീർത്തത്. 

ഫണ്ട് തിരിമറി വിവാദത്തിൽ ഉൾപ്പെടെ ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടികൾ വിശദീകരിക്കാനുള്ള ലോക്കൽ കമ്മിറ്റി യോഗങ്ങൾ ഇന്നു തുടങ്ങാനിരിക്കെയാണ് ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ കടം അടച്ചുതീർക്കാനുള്ള തീരുമാനം എടുത്തത്. 12 ലോക്കൽ കമ്മിറ്റികളിലാണ് ഇന്നും നാളെയുമായി യോഗം. തുടർന്നു ബ്രാഞ്ചുകളിലും റിപ്പോർട്ട് ചെയ്യും. ധനരാജിന്റെ കുടുംബത്തിന്റെ ബാധ്യത തീർത്ത വിവരവും വിവാദങ്ങളിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളും കണക്കുകളും അവതരിപ്പിക്കും.

പാർട്ടിയുടെ പണം നഷ്ടമായിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താവുന്ന തരത്തിലുള്ള കണക്കാണ് കഴിഞ്ഞ ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വം മുന്നോട്ടു വച്ചത്. ഇത് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കാമെന്നും ഇന്നലെ ചേർന്ന ഏരിയാ യോഗം തീരുമാനിച്ചു. മധുസൂദനനും മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെ സ്വീകരിച്ച നടപടിയും അറിയിക്കും. ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞിക്കൃഷ്ണൻ ഇന്നലെയും ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിട്ടില്ല.

English Summary: CPM Dhanaraj fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com