ADVERTISEMENT

കൊച്ചി∙ കോടതിയിൽ വിശ്വാസമുണ്ടെങ്കിൽ കെഎസ്ആർടിസി യൂണിയനുകൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തരത്തിലും തടസ്സമുണ്ടാക്കരുതെന്നു ഹൈക്കോടതി. യൂണിയൻ സമരങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുമെന്നു തൊഴിലാളി സംഘടനകൾ ഉറപ്പു നൽകി. ഓഫിസുകളിലെ സമരം അവസാനിപ്പിക്കുമെന്നു കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) അറിയിച്ചതു കോടതി രേഖപ്പെടുത്തി. സർക്കാരിന്റെ തീരുമാനം വൈകരുതെന്നു സംഘടനകൾ ആവശ്യപ്പെട്ടു.

ഭരണപക്ഷ യൂണിയൻ സമരം നടത്തുന്നതു ക്രെഡിറ്റ് ഏറ്റെടുക്കാനാണോ എന്നു കോടതി ചോദിച്ചു. മറ്റുള്ളവരും സമരരംഗത്തുണ്ടെന്നായിരുന്നു മറുപടി. കോടതിയിൽ രാഷ്ട്രീയം വേണ്ടെന്നു കോടതി പ്രതികരിച്ചു. സമരം കൊണ്ടാണു ജീവനക്കാർ രക്ഷപ്പെടാൻ പോകുന്നതെന്നു കരുതുന്നുണ്ടെങ്കിൽ കോടതി ഈ ശ്രമത്തിൽ നിന്നു പിന്മാറാമെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലാണു സമരമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് അറിയിച്ചു. ഓഫിസിനോ ജീവനക്കാർക്കോ ജനങ്ങൾക്കോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു കേരള ഡെമോക്രാറ്റിക് ഫെഡറേഷൻ അറിയിച്ചു. എന്നാൽ കെഎസ്ആർടിസി ഓഫിസുകളിൽ എംപ്ലോയീസ് അസോസിയേഷൻ ധർണ നടത്തുന്നുണ്ടെന്ന് അറിഞ്ഞതാണു വിമർശനം ക്ഷണിച്ചു വരുത്തിയത്.

കോടതി ഉത്തരവിട്ടതിനു മുൻപേ തുടങ്ങിയ സമരമാണെന്നും ആർക്കും തടസ്സമുണ്ടാക്കിയിട്ടില്ലെന്നും യൂണിയന്റെ അഭിഭാഷകൻ അറിയിച്ചു. പ്രതീകാത്മക സമരമാണു നടത്തുന്നത്. സിഎംഡി ഒരു മാസമായി ഓഫിസിൽ വന്നിട്ടില്ല. കോടതി പറഞ്ഞിട്ടും മെക്കാനിക്കുകളെ ഒഴിവാക്കി സൂപ്പർവൈസറി ജീവനക്കാർക്കു ശമ്പളം നൽകിയെന്നും ആരോപിച്ചു. കോടതി ഉത്തരവിന്റെ ലംഘനം ഉണ്ടെങ്കിൽ ധർണ ഇരിക്കുകയാണോ വേണ്ടതെന്നു കോടതി ചോദിച്ചു. സിഎംഡി ഉദാസീനമായാണു പ്രവർത്തിക്കുന്നതെങ്കിൽ പരിഹാരം അറിയാം. ജീവനക്കാർക്കും സിഎംഡിക്കും സർക്കാരിനും ഇടയിൽ പാലം ആകാനാണു ശ്രമിച്ചത്. കെഎസ്ആർടിസിയുടെ പ്രവർത്തനമോ ഷെഡ്യൂളോ സർവീസോ തടസ്സപ്പെടുത്താൻ യൂണിയനുകൾ ശ്രമിക്കുകയാണെങ്കിൽ ഈ കേസ് പരിഗണിക്കുന്നതു നിർത്താം. ധർണ കഴിഞ്ഞു ബാക്കി നോക്കാം. അല്ലെങ്കിൽ ധർണ നടത്തുന്ന യൂണിയനുകളിൽ അംഗമല്ലാത്തവർക്കു മാത്രം ഉത്തരവു ബാധകമാക്കാമെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

വേദന മനസ്സിലാകും

ജീവനക്കാരുടെ വേദന നല്ലതു പോലെ അറിയാമെന്നും ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളുടെ കണ്ണീർ കാണാൻ ഇപ്പോൾ കോടതിയേ ഉള്ളൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാർ ചില്ലുമേടയിൽ ഇരിക്കുന്നവരാണെന്നു കരുതരുത്. ദുരിതം അറിയുന്നതു കൊണ്ടു തന്നെയാണ് ഈ വിഷയത്തിൽ ഇടപെട്ടത്. ഏറെ കത്തുകൾ വരുന്നുണ്ട്. കെഎസ്ആർടിസി പൂട്ടരുത് എന്നു കരുതിയാണ് ഇടപെടുന്നത്.

കഠിനാധ്വാനം ചെയ്തിട്ടും മാസത്തിന്റെ ആദ്യ ആഴ്ചയെങ്കിലും ശമ്പളം കിട്ടാത്തവരുടെ ദുരിത്രം എത്രയാണെന്ന് ഇനിയും പറയുന്നില്ല. ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും നിത്യച്ചെലവിനും കടം വാങ്ങേണ്ട ഗതികേടിലാണു പലരും. ചോര നീരാക്കി പണിയെടുക്കുന്ന ജീവനക്കാരോടു ബഹുമാനം മാത്രമേ ഉള്ളൂ. 3–4 ദശാബ്ദങ്ങളായി പ്രതിസന്ധിയിലുള്ള സ്ഥാപനത്തെ ഒറ്റ ദിവസം കൊണ്ടു ട്രാക്കിൽ ആക്കാമെന്നു കരുതുന്നില്ലെന്നും കോടതി പറഞ്ഞു.

English Summary: Kerala High Court on KSRTC Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com