ADVERTISEMENT

പത്തനംതിട്ട ∙ 17 കോടി രൂപ ലഭിച്ചിട്ടും നിർമാണ പുരോഗതിയില്ലാതെ കൊച്ചുവേളി ടെർമിനൽ വികസനം. 2 പ്ലാറ്റ്ഫോമുകൾക്കു താഴെ ട്രാക്കിടാനും സ്റ്റേബിളിങ് ലൈൻ നിർമിക്കാനും 38 കോടി രൂപയുടെ പദ്ധതിക്കു 2020 നവംബറിലാണ് അനുമതി ലഭിച്ചത്. സ്റ്റേഷനിലെ 6 പ്ലാറ്റ്ഫോമുകളിൽ 2 എണ്ണത്തിൽ മാത്രമാണു ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള സൗകര്യമുള്ളത്. മറ്റു 4 പ്ലാറ്റ്ഫോമുകളിൽ 2 എണ്ണത്തിൽ ട്രാക്കില്ലെങ്കിൽ 2 പ്ലാറ്റ്ഫോമുകളിൽ സിഗ്‌നൽ സംവിധാനങ്ങളുടെ അപര്യാപ്തതയാണു ട്രെയിൻ സർവീസിന് തടസ്സം. 

2021 മേയിൽ തുടങ്ങിയ പണികൾ പണമില്ലെന്ന കാരണത്താലാണു ഇഴഞ്ഞു നീങ്ങിയിരുന്നത്. ഏപ്രിൽ അവസാനമാണു 17 കോടി രൂപ കിട്ടിയത്. 38 കോടിയിൽ  21 കോടി രൂപ പല ഗഡുക്കളായി ഇതുവരെ ലഭിച്ചിട്ടുണ്ട്. മൂന്നാം പ്ലാറ്റ്ഫോമിനു താഴെ ട്രാക്കിടാൻ തറ നിരപ്പാക്കുകയും മെറ്റൽ ഇറക്കുകയും ചെയ്തതല്ലാതെ മറ്റു പണികളൊന്നും നടന്നിട്ടില്ല. വൈദ്യുതി തൂണുകൾ മാറ്റാനുള്ള കാലതാമസവും മഴയുമാണു പണി വൈകിക്കുന്നതെന്നു പറയുന്നു. ഓരോ കാലത്തും ഓരോ കാരണം പറഞ്ഞു പണി നീട്ടി കൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിഗ്നലിങ് വിഭാഗങ്ങളുടെ പണികളും പദ്ധതിയിലുണ്ട്. ഇവർ തമ്മിൽ ഏകോപനമില്ലാത്തതാണു കാര്യങ്ങൾ വഷളാക്കുന്നത്. 5 വൈദ്യുതി തൂണുകളാണു മാറ്റാനുള്ളത്. 

കോട്ടയം വഴി പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടും ട്രെയിനുകൾക്കു വേഗം കൂട്ടാനും പുതിയ ട്രെയിനുകൾ കേരളത്തിനു കിട്ടാത്തതിനും പ്രധാന തടസ്സം കൊച്ചുവേളിയിലെ പണി പൂർത്തിയാകാത്തതാണ്. റെയിൽവേ നിർമാണ വിഭാഗമാണു പണികൾ ചെയ്യുന്നതെന്നും 2023 മാർച്ചിൽ നിർമാണം തീരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നു തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് പറഞ്ഞു. 

എന്നാൽ 6 മാസം കൊണ്ടു തീരേണ്ട പണികൾക്കാണു റെയിൽവേ നിർമാണ വിഭാഗം രണ്ടര വർഷം സമയം വേണമെന്നു പറയുന്നതെന്നു യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. റെയിൽവേയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രധാനമന്ത്രിക്കും റെയിൽവേ ബോർഡ് െചയർമാനും പരാതി നൽകുമെന്നു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.

English Summary: Kochuveli terminal development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com