ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള പ്രോസിക്യൂഷന്റെ ആരോപണത്തിന് ഈ ഘട്ടത്തിൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നു വിചാരണക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണു കോടതി നിലപാടു വ്യക്തമാക്കിയത്. 

കേസിൽ ദിലീപ് വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ ഉന്നയിക്കുന്നതെന്നു ജഡ്ജി ഹണി എം.വർഗീസ് ആരാഞ്ഞു. സാക്ഷികളായ വിപിൻ ലാൽ, ജിൻസൺ, സാഗർ വിൻസന്റ്, ശരത് ബാബു, ഡോ. ഹൈദരാലി, ദാസൻ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. വിപിൻ ലാൽ, ജിൻസൺ എന്നിവരുടെ കേസ് മറ്റൊരു ഹർജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വസ്തുതകൾ മറച്ചുവയ്ക്കാൻ പണം നൽകിയെന്നു സാക്ഷിയായ സാഗർ വിൻസന്റിന്റെ മൊഴിയുണ്ട്. എന്നാൽ ഈ മൊഴികൾ പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്നു സാഗർ പിന്നീടു കോടതിയിൽ ബോധിപ്പിച്ചിരുന്നു. ദിലീപിന്റെ കുടുംബ ഡോക്ടറാണു ഡോ. ഹൈദരാലി. അഭിഭാഷകനെ കാണുന്ന കാര്യമാണു ഹൈദരാലി പറയുന്നത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും സഹോദരൻ അനൂപും ദിലീപിന്റെ ബന്ധുക്കളാണെന്ന കാര്യം പരിഗണിക്കണം. അവർ ദിലീപിനെതിരെ മൊഴി നൽകില്ല. പ്രതിയുടെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി കോടതിയിൽ മാറ്റി പറയാറുണ്ട്. പ്രതിയോടുള്ള സ്വാഭാവിക ഇഷ്ടവും അടുപ്പവും കൊണ്ടാണ് അതു സംഭവിക്കാറുള്ളത്. 

ദിലീപ് ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്നു പറയുമ്പോൾ ഈ തെളിവുകൾ ഫോണിൽനിന്നു കണ്ടെടുത്തെന്നു പ്രോസിക്യൂഷൻ സമ്മതിക്കുന്നുമുണ്ട്. ദിലീപും കൂട്ടരും ഫോണുകൾ മുംബൈയിലെ ലാബിൽ നൽകിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവു നശിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ല.

തെളിവായി നൽകിയ ശബ്ദരേഖകൾ ദിലീപിന്റെയും കൂട്ടരുടേതുമാണ് എന്നതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂറുമാറിയ 22 സാക്ഷികളിൽ 6 പേർ ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേർ സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്. ദിലീപുമായി ബന്ധമില്ലാത്ത 4 പേരുമുണ്ട്. പ്രതിഭാഗം സ്വാധീനിച്ചതായി ഇവരാരും പരാതിപ്പെട്ടിട്ടില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ദിലീപ് സാക്ഷികളെ മാത്രമല്ല കോടതിയെയും സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള ആരോപണത്തിനു തെളിവായി 2 ശബ്ദരേഖകളാണു പ്രോസിക്യൂഷൻ ഹാജരാക്കിയത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് ഇതിലൊന്ന്. ‘അവരെ നമ്മൾ പതിയെ വിശ്വസിപ്പിച്ചെടുക്കണം’ എന്നു പറയുന്നതിലെ അവർ ആരാണെന്നു പറയുന്നില്ല. അതു ജുഡീഷ്യൽ ഓഫിസറെയാണ് എന്നാണു പ്രോസിക്യൂഷന്റെ നിഗമനം. എങ്ങനെയാണ് ഈ നിഗമനത്തിൽ എത്തിയതെന്നു കോടതി ചോദിക്കുന്നുണ്ട്.

‘അവർ’ എന്നു പറയുന്നതു ജുഡീഷ്യൽ ഓഫിസറെയാണെന്നു കരുതിയാൽ തന്നെ വിചാരണക്കോടതി ജഡ്‌ജിയെയാണെന്ന് എങ്ങനെ കൃത്യമായി പറയാനാവും? ദിലീപിന്റെ ഫോണിൽ കണ്ടെടുത്തത ശബ്ദരേഖയാണു മറ്റൊന്ന്. ഏതോ കസ്റ്റഡി മരണത്തിൽ ഒരു എക്സൈസ് ഇൻസ്‌പെക്ടർക്കു പങ്കുള്ളതുമായി ബന്ധപ്പെട്ട് അഡ്വ. സന്തോഷുമായി ആരോ സംസാരിച്ചെന്നാണു ശബ്ദരേഖയിൽ പറയുന്നത്. ആരാണ് സന്തോഷ്, ആരുമായാണു സന്തോഷ് സംസാരിച്ചതു തുടങ്ങിയ കാര്യങ്ങൾ പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ല. ശബ്ദരേഖകളുമായി ദിലീപിനുള്ള ബന്ധം എന്താണെന്നു പറയുന്നില്ല. ഇതിന്റെ ബാധ്യത പ്രതിയുടെ മേൽ ചുമത്താൻ കഴിയില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Malayalam actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com