ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നാരംഭിക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ പാർട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർട്‌ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലെ ഉൾപ്പെടെ അധ്യാപക – അനധ്യാപക ജീവനക്കാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും ഗുണഭോക്താക്കൾ.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ചേരാം. സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ പഴ്സനൽ സ്റ്റാഫ്, പെൻഷൻകാർ എന്നിവരും ആശ്രിതരും ഗുണഭോക്താക്കളായിരിക്കും.

പദ്ധതിയിൽ ഇരുനൂറിലേറെ ആശുപത്രികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഇന്നു 4ന് ഉദ്ഘാടനച്ചടങ്ങിനു ശേഷം പട്ടിക പുറത്തുവിടുമെന്നാണു സൂചന. മെഡിസെപ് പോർട്ടലിൽനിന്നു ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകളും ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയുമായി സഹകരിക്കാമെന്നു സമ്മതിച്ചതായി ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ആശുപത്രികളുടെ പട്ടിക സർക്കാർ വൈകിപ്പിക്കുന്നത് ജീവനക്കാരെയും പെൻഷൻകാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നതിന് ഇൻഷുറൻസ് പദ്ധതിക്കു കീഴിൽ റീഇംബേഴ്സ്മെന്റ് സൗകര്യമില്ല. അതിനാൽ, ആശുപത്രികളുടെ പട്ടികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ആദ്യം നൽകേണ്ടിയിരുന്നത്.

ഇന്നു മുതൽ

ആവശ്യപ്പെടാതെ ക്രെഡിറ്റ് കാർഡ്: ബാങ്കിന് പിഴ

ആവശ്യപ്പെടാതെ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുകയും പണം ഈടാക്കാൻ ശ്രമിക്കുകയും ചെയ്താൽ തുകയുടെ രണ്ടിരട്ടി പിഴയായി തിരിച്ചുകൊടുക്കണമെന്ന റിസർവ് ബാങ്കിന്റെ ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ. പിഴയ്ക്കു പുറമേ ആർബിഐ ഓംബുഡ്സ്മാനു പരാതി നൽകുകയും കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യാം.

ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ ഉപയോക്താവിൽനിന്ന് അപേക്ഷ ലഭിച്ചാൽ,  കുടിശികയില്ലാത്ത അക്കൗണ്ട് ആണെങ്കിൽ 7 ദിവസത്തിനകം നടപടി പൂർത്തിയാക്കണം. ഇല്ലെങ്കിൽ അധികമുള്ള ഓരോ ദിവസവും 500 രൂപ പിഴയായി ബാങ്ക് ഉപയോക്താവിനു നൽകണം. ഒരു വർഷത്തിലേറെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിൽ ബാങ്കിന് ഉപയോക്താവിനെ മുൻകൂട്ടി അറിയിച്ചശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം.

ക്രിപ്റ്റോ കറൻസിക്ക് ടിഡിഎസ്

ക്രിപ്റ്റോ കറൻസിയടക്കം എല്ലാത്തരം ഡിജിറ്റൽ വെർച്വൽ ആസ്തികൾക്കും ഇന്നു മുതൽ ഒരു ശതമാനം ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകം. നഷ്ടത്തിലാണ് ക്രിപ്റ്റോ ഇടപാടെങ്കിലും ടിഡിഎസ് ചുമത്തും. ഒരാൾ മറ്റൊരാൾക്ക് ഒരു ക്രിപ്റ്റോ കറൻസി നൽകി പകരം മറ്റൊന്നു വാങ്ങുമ്പോൾ ഇരുവരും ടിഡിഎസ് അടയ്ക്കണം.

സമ്മാനങ്ങൾക്ക് ടിഡിഎസ്

ആദായനികുതി നിയമത്തിൽ പുതുതായി ഉൾപ്പെടുത്തിയ 194 ആർ വകുപ്പു പ്രകാരം ബിസിനസ്, തൊഴിൽ എന്നിവയുടെ ഭാഗമായി നൽകുന്ന സമ്മാനം/ആനുകൂല്യം ഒരു വർഷം 20,000 രൂപയിലേറെയാണെങ്കിൽ 10% ടിഡിഎസ് നൽകണം. പണവും സമ്മാനവുമായി കലർത്തി നൽകിയാലും ടിഡിഎസ് അടച്ചെന്ന് ഉറപ്പാക്കണം. 

English Summary: Medisep Insurance Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com