ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ നഗരത്തിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾക്കു മുന്നിൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി.  നിയമസഭാ–സെക്രട്ടേറിയറ്റ് മന്ദിരങ്ങളിലും കെപിസിസി ഓഫിസ് ഉൾപ്പെടെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾക്കു മുന്നിലും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി. 

നഗര പാതകളിൽ എല്ലായിടത്തും പൊലീസിനെ വിന്യസിച്ച് പരിശോധനയും ഊർജ്ജിതമാക്കി. എല്ലാ വാഹനങ്ങളും പൂർണമായി പരിശോധിച്ചതിനു ശേഷമാണ് വിട്ടയച്ചത്. അതിനിടെ, പാർട്ടി ഓഫിസിനു നേരെ നടന്ന ആക്രമണം കലാപത്തിനു നടത്തിയ നീക്കമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

സുരക്ഷാ വീഴ്ച..?

എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് വൻ പൊലീസ് വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. എകെജി സെന്ററിലെത്തിയ മുതിർന്ന സിപിഎം നേതാക്കളും ഇതേ സൂചനയാണ് നൽകിയത്. ആക്രമണം ആസൂത്രിതമാണ്. ഇത് മുൻ കൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും പൊലീസിനും ഇന്റലിജൻസിലും ആയില്ലെന്നും വിലയിരുത്തലുണ്ട്. സംഭവത്തിനു പിന്നാലെ എകെജി സെന്ററിന് സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സ്ഫോടകവസ്തു എറിഞ്ഞ ആൾ എത്തിയ ഇരുചക്ര വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ താമസിയാതെ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഡോഗ്, ബോംബ് സ്ക്വാഡുകളും സ്ഥല ത്തെത്തി പരിശോധന നടത്തി.

ആലപ്പുഴയിൽ രാത്രി ഇന്ദിര പ്രതിമയുടെ കൈ തകർത്തു

ആലപ്പുഴ ∙ എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് നഗരത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മെയിൻ പോസ്റ്റോഫിസിനു സമീപം ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ തകർത്തു. തുടർന്നു പ്രകടനമായെത്തി ദേശീയപാത ഉപരോധിച്ചു. അറുപതോളം പ്രവർത്തകർ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലിന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ ഒരു മണിയോടെ പ്രതിഷേധം സംഘടിപ്പിച്ചത്. ജനറൽ ആശുപത്രി ജംക്‌ഷനിൽ എത്തിയ പ്രവർത്തകർ അവിടെ ദേശീയപാത ഉപരോധിച്ചു. കനത്ത പൊലീസ് അകമ്പടിയോടെ ആയിരുന്നു പ്രകടനം.

English Summary: Security tightened in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com