ADVERTISEMENT

ന്യൂഡൽഹി ∙ ചെറുകിട, ഇടത്തരം കച്ചവടക്കാരെ ദോഷകരമായി ബാധിക്കുന്ന ജിഎസ്ടി റദ്ദാക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് വിഭാവനം ചെയ്ത ന്യായവും ലളിതവുമായ ജിഎസ്ടിയെ സങ്കീർണമായ ‘ഗബ്ബർ സിങ് ടാക്സ്’ ആയി ബിജെപി മാറ്റിയെന്നു ജിഎസ്ടി നടപ്പാക്കിയതിന്റെ അഞ്ചാം വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

1826 ദിവസങ്ങൾക്കിടെ ആയിരത്തിലധികം മാറ്റങ്ങൾ ജിഎസ്ടിയിൽ സർക്കാർ വരുത്തി. 6 തരം നികുതികളാണുള്ളത്. ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് ഇതു പേടിസ്വപ്നമാണെന്നും രാഹുൽ പറഞ്ഞു. ജിഎസ്ടി സാധാരണക്കാരനു മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിലാണു നിശ്ചയിച്ചിരിക്കുന്നതെന്ന് എംപിമാരായ പി.ചിദംബരം, ജയറാം രമേശ് എന്നിവർ വിമർശിച്ചു. ജിഎസ്ടി കൗൺസിലിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കുറ്റപ്പെടുത്തി.

ജിഎസ്ടി: സുതാര്യതയ്ക്കായി ജാഗ്രത വേണമെന്ന് ധനമന്ത്രി

ന്യൂഡൽഹി ∙ ജിഎസ്ടി സംവിധാനവുമായി ബന്ധപ്പെട്ടു വിവേചനം ആരോപിക്കാൻ ഒരു തരത്തിലുള്ള അവസരവും നൽകരുതെന്ന് ഉദ്യോഗസ്ഥരോട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി 5 വർഷം തികയുന്നതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. ഒരു തരത്തിലുമുള്ള വിവേചനമുണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും അത്തരമൊരു ആരോപണം ഒരു ശതമാനം പോലുമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം.

ജിഎസ്ടി സംവിധാനം പൂർണമായും സുതാര്യമായിരിക്കണം. 2019ൽ ജിഎസ്ടി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. പോർട്ടലിന്റെ ചുമതലയുണ്ടായിരുന്ന ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനിയെ വരെ വിളിച്ചുവരുത്തേണ്ടി വന്നു. പിന്നീട് നികുതിദായകരെയും ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി – മന്ത്രി പറ‍ഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com