കോൺഗ്രസ് ഓഫിസുകൾക്കു നേരെ കല്ലേറ്; ആക്രമണം

Kottayam DCC Office Attack
ഡിസിസി ഓഫിസിന്റെ മുൻവശം
SHARE

എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നാലെ കോൺഗ്രസ് ഓഫിസുകൾക്കു നേരെ സംസ്ഥാനത്തു പലയിടത്തും ആക്രമണം. കോഴിക്കോട് വടകര ചോറോട് വൈക്കിലശേരി, കായക്കൊടി, മുഖദാർ എംകെ റോഡ് എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫിസുകൾക്കു നേരെ കല്ലേറുണ്ടായി.

തിരുവനന്തപുരം മ്യൂസിയം – നന്ദാവനം റോഡിലെ ഹെഡ് ലോഡ് ആൻഡ് ലോഡിങ് വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) യൂണിറ്റ് ഓഫിസ് അടിച്ചു തകർത്തു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് ഭാരവാഹികൾ മ്യൂസിയം പൊലീസിൽ പരാതി നൽകി. ഒരു മാസം മുൻപും ഇതേ ഓഫിസിനു നേരെ ആക്രമണം നടന്നിരുന്നു.

ആലപ്പുഴ നഗരത്തിൽ വഴിച്ചേരി ഹെഡ് പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധി പ്രതിമയുടെ വലതുകൈ അടിച്ചുതകർത്തു. നഗരത്തിൽ മൂന്നിടങ്ങളിൽ കോൺഗ്രസ് കൊടിമരങ്ങളും രണ്ടിടത്ത് ബിജെപി–ബിഎംഎസ് കൊടിമരങ്ങളും തകർത്തു.

കോൺഗ്രസിനോ യുഡിഎഫിനോ പങ്കില്ല: സതീശൻ

കൊച്ചി ∙ എകെജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിനോ യുഡിഎഫിനോ പങ്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘അക്രമത്തിനു പിന്നിൽ യുഡിഎഫ് ആണെന്നു സിപിഎം പറയുന്നത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്? സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്നു ശ്രദ്ധ മാറ്റാമെന്നു കരുതുന്നവരാണ് അക്രമത്തിനു പിന്നിൽ. ആരെന്ന് പൊലീസ് അന്വേഷിക്കട്ടെ. സർക്കാരിനെ 3 ദിവസമായി പ്രതിരോധത്തിൽ വരിഞ്ഞു മുറുക്കി നിർത്തിയിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസോ യുഡിഎഫോ ഈ അക്രമത്തിനു മുതിരില്ലെന്നു സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം’ – സതീശൻ പറഞ്ഞു.

ദുരൂഹത ഒഴിവാക്കണം: പി.ജെ.ജോസഫ്

തൊടുപുഴ ∙ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞവരെ എത്രയും വേഗം കണ്ടെത്തി ദുരൂഹത ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നതിന്റെ വാർത്തയിൽ നിന്നും സംസ്ഥാന സർക്കാരിനെതിരെയുള്ള ആക്ഷേപങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ കഴിവില്ലായ്മ: വി.മുരളീധരൻ

തിരുവനന്തപുരം ∙ എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ താനല്ല കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ‘ഞാനാണു ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു. സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്’ – മുരളീധരൻ പറഞ്ഞു. ആക്രമണം സ്വർണക്കടത്ത് കേസിൽനിന്നു ശ്രദ്ധതിരിക്കാനാ‍ണോയെന്നു സംശയിക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പൊലീസിന്റെ ശക്തമായ കാവലുള്ള എകെജി സെന്ററിനു നേരെ ആക്രമണം നടന്നതും ഓഫിസിലെ സിസിടിവി ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വാഹന നമ്പറും പതി‍യാത്തതും ദുരൂഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കലാപഭൂമിയാക്കാൻ ശ്രമം: ജോസ് കെ.മാണി

കോട്ടയം ∙ എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി ആക്രമിക്കാൻ നീക്കം നടത്തിയതു മുതൽ കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം

അമ്പലപ്പുഴ ∙ എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിൽ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. ‘ഇരുളിൻ മറയെ കൂട്ടു പിടിച്ച്, പ്രസ്ഥാനത്തിനു നേരെ വന്നാൽ, ആ കാൽ വെട്ടും ആ കൈ വെട്ടും, ആ തല വെട്ടി ചെങ്കൊടി നാട്ടും’ എന്നാണ് നേതാക്കളും പ്രവർത്തകരും വിളിച്ചത്. പ്രകടനത്തിന്റെ ലൈവ് ദൃശ്യം എംഎൽഎയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി കച്ചേരി മുക്കിൽ നടത്തിയ പ്രകടനത്തിലാണു സംഭവം. മുന്നിലും പിന്നിലും പൊലീസ് സംരക്ഷണമുണ്ടായിരുന്നു. പ്രകോപന മുദ്രാവാക്യം വിളിച്ചതിനു കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തതായി അമ്പലപ്പുഴ പൊലീസ് അറിയിച്ചു. പ്രകോപനമുണ്ടാക്കരുതെന്നും ഉണ്ടായാൽ അതിനു കാരണക്കാരായവർക്കായിരിക്കും ഉത്തരവാദിത്തമെന്നും പ്രകടനം തുടങ്ങുന്നതിനു മുൻപ് പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നെന്ന് എച്ച്.സലാം എംഎൽഎ പറഞ്ഞു. പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ പ്രകോപന മുദ്രാവാക്യം വിളിയെ എംഎൽഎ വിമർശിച്ചു.

English Summary: Congress offices across the state attacked by CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS