ADVERTISEMENT

കല്ലമ്പലം (തിരുവനന്തപുരം) ∙ മാതാപിതാക്കളും രണ്ടു മക്കളും ബന്ധുവും അടക്കം  കുടുംബത്തിലെ അഞ്ചു പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. ദേശീയപാതയിൽ രണ്ടു പതിറ്റാണ്ടായി തട്ടുകട നടത്തുന്ന ചാത്തമ്പറ കടയിൽ വീട്ടിൽ ആർ.മണിക്കുട്ടൻ (46), ഭാര്യ എസ്.സന്ധ്യ (36), മക്കൾ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി (80) എന്നിവരാണ് മരിച്ചത്. 

kallambalam-death-thattukada
മണിക്കുട്ടൻ നടത്തിവന്നിരുന്ന തട്ടുകട

മണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും ബാക്കിയുള്ളവർ കിടക്കയിലും തറയിലും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. മണിക്കുട്ടന്റെ അമ്മ വാസന്തി(85) മാത്രമാണ് കൂട്ട മരണത്തിൽ നിന്നു രക്ഷപ്പെട്ടത്. അജീഷ് പത്താം ക്ലാസ് വിജയിച്ച് പ്ലസ്‌ വൺ അഡ്മിഷന് ശ്രമിക്കുകയായിരുന്നു. അമേയ ഞെക്കാട് ഗവ.വിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. 

അമ്മയെ ഒഴിവാക്കി മറ്റുള്ളവർക്കു വിഷം കൊടുത്തു മരണം ഉറപ്പാക്കിയ ശേഷം മണിക്കുട്ടൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ  തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു. വാസന്തി മരണവിവരം പുലർച്ചെ വരെ അറിഞ്ഞില്ല.  

ബാഹ്യ ഇടപെടലുകളോ പിടിവലിയോ നടന്നതായി ലക്ഷണങ്ങളില്ല. മണിക്കുട്ടനും സന്ധ്യയും കിടപ്പു മുറിയിലും മക്കൾ  തൊട്ടടുത്ത മുറിയിലെ കിടക്കയിലും ദേവകി വീടിനു മുൻവശത്തെ ഹാളിൽ തറയിലും ആണു കാണപ്പെട്ടത്. അവിവാഹിതയായ ദേവകി ദീർഘകാലമായി രോഗബാധിതയാണ്. മണിക്കുട്ടന്റെ തട്ടുകടയിൽ ഒരാഴ്ച മുൻപ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് 5,000 രൂപ പിഴയിട്ടു.  

പിഴ അടച്ച ശേഷം ഇന്നലെ തുറന്നു പ്രവർത്തിക്കാനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം. തട്ടുകട തുറക്കാനെത്തിയ ജീവനക്കാരൻ രാവിലെ മണിക്കുട്ടനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനാൽ വീട്ടിലെത്തി വാതിലിൽ തട്ടി വിളിച്ചു. വാസന്തി വാതിൽ തുറക്കുമ്പോഴും മരണവിവരം അറിഞ്ഞിരുന്നില്ല. 

റൂറൽ എസ്പി ദിവ്യ ഗോപിനാഥ് ആറ്റിങ്ങൽ ഡിവൈഎസ്പി പി.നിയാസ് എന്നിവരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തട്ടുകടയിൽ നിന്നു മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്ന മണിക്കുട്ടനു തടിക്കച്ചവടവും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ പൂക്കൾ, മാവ്, കാട്ടുനെല്ലി, പച്ചക്കറി തോട്ടം പാട്ടത്തിന് എടുത്തു കൃഷിയും നടത്തിയിരുന്നു. കോവിഡ് വന്നതോടെ കൃഷി നഷ്ടത്തിലായി. അതിൽ കടബാധ്യതയുണ്ടോ എന്നു സംശയമുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

English Summary: Five Members in a Family Found Dead at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com