ADVERTISEMENT

തിരുവനന്തപുരം/കണ്ണൂർ ∙ എകെജി സെന്ററിനു നേരെ ഉണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ നാടക‍മാണെന്നും പാർട്ടി ഓഫിസിനു മുന്നിൽ പാതിരാത്രി പടക്കം പൊട്ടിച്ചു കളിക്കാൻ ഇതു വിഷുക്കാല‍മല്ലെന്ന് ഇടതുപക്ഷം അവരുടെ കൺവീനറെ ഓർ‍മിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. പൊട്ടിയ പടക്കത്തിന്റെ ചീളുകൾ ജയരാജന്റെ തലയിൽ കൊണ്ടി‍ല്ലെന്ന ആശ്വാസം ഞങ്ങൾക്കുണ്ട്. അല്ലെങ്കിൽ പണ്ടേ ഉണ്ടെന്ന് ഒരു ഉളുപ്പു‍മില്ലാതെ പറയുന്ന വെടിയുണ്ട‍യോട് ഒപ്പമിരിക്കാൻ ഇതിനു സ്ഥലം തികയാതെ വന്നേനെ. രണ്ടു നുണ‍ക‍ൾക്ക് ഒരു തലയിൽ ഇരിക്കാൻ വലിയ പാടാ‍യിരിക്കും. ജയരാജന്റെ ‘ഇല്ലാത്ത ബുദ്ധിയിൽ’ തെളിയുന്ന മണ്ടത്തരങ്ങളിലൊ‍ന്നാണ് ആക്രമണം. ഇത്രമാത്രം ബുദ്ധിശാ‍ലിയായ കൺവീനറെ എകെജി സെന്ററിനു പകരം മ്യൂസിയത്തിൽ കൊണ്ടിരു‍ത്താൻ സിപിഎം നേതൃത്വം മുൻകയ്യെടുക്കണം.

ആരോപണങ്ങളിൽ പ്രതിസ്ഥാ‍നത്തായ മുഖ്യമന്ത്രിയെയും കുടുംബത്തെയും വിവാദങ്ങളിൽനിന്നു രക്ഷിക്കാൻ തിരുവനന്തപുരത്തെ ഗുണ്ടകളെ ഉപയോഗിച്ച് ജയരാജൻ നടത്തിയ അടവാണിത്. രാഹുൽ ഗാന്ധിയുടെ ‍ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാനാണു ശ്രമം. സിസിടിവി ക്യാമറയിൽ ആളുടെ ചിത്രം വ്യക്തമല്ല. ഉടൻ സ്ഥലത്തെത്തിയ ജയരാജൻ എങ്ങനെയാണ് അ‍തു കോൺഗ്രസുകാരനെന്നു തിരിച്ചറിഞ്ഞത്? രാഹുൽ കേരളത്തിലെത്തുന്ന ദിവസം കോൺഗ്രസിലെ ആരെങ്കിലും ഇത്തരം മണ്ടത്ത‍രത്തിനു മുതിരുമോ? കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് കൺവീനറെപ്പോലെ ബുദ്ധി‍ക്കുറവ് ഇല്ലെന്നു സിപിഎം നേതൃത്വം മന‍സ്സിലാക്കണം. എകെജി സെന്റർ സംഭവത്തിന്റെ മറവിൽ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും സുധാകരൻ പറഞ്ഞു.

രാജ്യദ്രോഹ കുറ്റാരോപണ നിഴലിൽ നിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണു പിണറായി. മകളെക്കു‍റിച്ചു പോലും ആരോപണമുയരുമ്പോൾ, എല്ലാത്തി‍നുമുള്ള മറുപടി പിണറായി വിജയൻ പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

∙ ‘സംഭവത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവന ശുദ്ധ അസംബന്ധം. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം നടക്കാനിരിക്കെ അർധരാത്രി എകെജി സെന്ററിനു നേരെയുള്ള അക്രമത്തിൽ ദുരൂഹതക‍ളുണ്ട്.’ – എം.എം.ഹസൻ, യുഡിഎഫ് കൺവീനർ

∙ ‘സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടി‍രിക്കെ ജനശ്രദ്ധ തിരിച്ചുവിടാനുളള അട‍വാണോ എകെജി സെന്ററിനു നേരെ നടന്ന ആക്രമണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ ദുരൂഹതക‍ളേറെ. പ്രതിയെ പിടിക്കാൻ വൈകുന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. പൊലീസിന്റെ ഭാഗ‍ത്തെ വീഴ്ചയും അനാസ്ഥയും ഒഴിവാക്കണം.’ – രമേശ് ചെന്നിത്തല, മുൻ പ്രതിപക്ഷ നേതാവ്

English Summary: K Sudhakaran about blast at AKG Centre in capital 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com