ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ) ∙ കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി ധീരജിനെക്കുറിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ പരാമർശത്തിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ധീരജിന്റെ മാതാപിതാക്കൾ. നിരപരാധിയായ തങ്ങളുടെ മകനെ കൊലപ്പെടുത്തിയ ശേഷം വീണ്ടും വീണ്ടും കൊല ചെയ്യുകയാണ് ഇവരെന്നു ധീരജിന്റെ പിതാവ് രാജേന്ദ്രനും മാതാവ് പുഷ്പകലയും പറഞ്ഞു. തങ്ങൾ ഇതുവരെ മാധ്യമങ്ങൾക്കു മുൻപിൽ വന്നിട്ടില്ല.

മകന്റെ മരണത്തിനു ശേഷം ഓരോ നിമിഷവും വേദനിച്ചും ദു:ഖിച്ചും വിങ്ങിപ്പൊട്ടിയുമാണു കഴിഞ്ഞത്. എന്നാൽ ഇപ്പോൾ സഹിക്കാൻ സാധിക്കാത്തതു കൊണ്ടാണു മാധ്യമങ്ങൾക്കു മുൻപിൽ വന്നതെന്നും ഇവർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ അനുഭവം ഇനിയും ഉണ്ടാകുമെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് പറഞ്ഞത്. അതിനർഥം തങ്ങളുടെ മകനെ കൊന്നത് അവർ തന്നെയാണെന്നാണ്. ധീരജ് ലഹരിമരുന്നിന് അടിമയായിരുന്നെന്ന് അവർ പറയുന്നു. എന്നാൽ, അങ്ങനെയല്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 

മനുഷ്യത്വമുണ്ടെങ്കിൽ ഒരു ആശ്വാസവാക്കെങ്കിലും അവർക്കു പറയാമായിരുന്നു. അതിനു പകരം വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണ്. ഇരന്നു വാങ്ങിയ മരണമെന്നാണു കെപിസിസി പ്രസിഡന്റ് പറയുന്നത്. അതിനർഥം ധീരജിനെ അവർ കൊന്നുവെന്നു തന്നെയല്ലേ? അവരിൽ നിന്ന് ഒരു ആശ്വാസ വാക്കുപോലും തങ്ങൾക്കു കിട്ടിയിട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

ആരോപണത്തിൽ ഉറച്ച് ഡിസിസി പ്രസിഡന്റ്

തൊടുപുഴ ∙ ഇടുക്കി എൻജിനീയറിങ് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ധീരജിനെ കുത്തിയത് എസ്എഫ്ഐ പ്രവർത്തകരെന്ന ആരോപണത്തിൽ ഉറച്ച് ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. മുരിക്കാശ്ശേരിയിൽ ഇതുസംബന്ധിച്ച് താൻ നടത്തിയ പ്രസംഗത്തിൽ ഖേദപ്രകടനം ഇല്ലെന്നും സി.പി.മാത്യു പറഞ്ഞു. ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെ. ധീരജിന്റെ മാതാപിതാക്കളെ സിപിഎം തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗിക്കുകയാണ്. താൻ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐക്കാർ കെഎസ്‌യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിനു കുത്തു കൊണ്ടതാണ്. ഇത് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും അറിയാം. ആ പൊലീസ് ഉദ്യോഗസ്ഥരെ ഇടതുസർക്കാർ കൂച്ചുവിലങ്ങിട്ടു. എൻജിനീയറിങ് കോളജിൽ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണമാണു വേണ്ടതെന്നും മാത്യു പറഞ്ഞു. 

ധീരജിന്റെ കുടുംബത്തിന് സഹായ ധനം കൈമാറി

തളിപ്പറമ്പ് ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സുരക്ഷാ പദ്ധതിയിൽ നിന്നുള്ള ആശ്വാസ ധനം മന്ത്രി എം.വി.ഗോവിന്ദൻ കൈമാറി. നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയായ വിദ്യാർഥിയായിരുന്നു ധീരജെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ധീരജിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ പ്രയാസപ്പെടുത്തുന്ന പ്രചാരണങ്ങളാണു പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടി നേതാക്കൾ നടത്തുന്നത്. ഇടുക്കിയിലെ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവു തന്നെ പറയുന്നത് ധീരജിന്റെ അനുഭവം നിങ്ങൾക്കും ഉണ്ടാകും എന്നാണ്. അപമാനകരമായ പ്രസ്താവനകളാണു ധീരജുമായി ബന്ധപ്പെട്ട് അവർ നടത്തുന്നത്.

തളിപ്പറമ്പ് പാലകുളങ്ങരയിലെ ധീരജിന്റെ വീട്ടിലായിരുന്നു ചടങ്ങ്. 5 ലക്ഷം രൂപയുടെ ആശ്വാസധനം ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ, ധീരജിന്റെ മാതാപിതാക്കളായ പുഷ്പകലയെയും രാജേന്ദ്രനെയും കൂടെയുണ്ടായിരുന്നവർ ഏറെ പ്രയാസപ്പെട്ടാണ് ആശ്വസിപ്പിച്ചത്. സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ജി.സഞ്ജീവ് അധ്യക്ഷത വഹിച്ചു. പിവിസി ഡോ.എസ്.അയൂബ്, ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ.ജലജ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ വി.ഒ.രജനി, കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. 

English Summary: Parents of Dheeraj Rajendran against provocative speech of Congress leaders 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com