ADVERTISEMENT

കോഴിക്കോട് ∙ പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്കെതിരെ വ്യാപക പരാതി. 6 ഘട്ടങ്ങളിലായി നടന്നുവരുന്ന പരീക്ഷയുടെ 5 ഘട്ടം പൂർത്തിയായപ്പോൾ ചോദ്യങ്ങൾക്കു പല നിലവാരം. ഇതുമൂലം ചില ഘട്ടങ്ങളിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടുമ്പോൾ പ്രയാസമേറിയ ഘട്ടത്തിലുള്ളവർ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 12 ലക്ഷത്തോളം ഉദ്യോഗാർഥികളാണു പ്രാഥമിക പരീക്ഷ എഴുതുന്നത്.

സമാന യോഗ്യതയുള്ള എല്ലാ തസ്തികകൾക്കും കൂടി പ്രാഥമിക പരീക്ഷ നടത്തി അതിൽനിന്നു കട്ട് ഓഫ് മാർക്ക് നേടുന്നവരെ മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുന്ന രീതി കഴിഞ്ഞ വർഷമാണ് പിഎസ്‍സി നടപ്പാക്കിയത്. എല്ലാ ഘട്ടങ്ങളും ഏകീകരിച്ച് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുമെന്നായിരുന്നു പിഎസ്‍സിയുടെ വിശദീകരണം. എന്നാൽ കഴിഞ്ഞ വർഷം അത്തരമൊരു ഏകീകരണത്തിന്റെ ഗുണം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ല. ഇതു മൂലം ചില ഘട്ടങ്ങളിൽ ഉൾപ്പെട്ടവർ കൂട്ടത്തോടെ പ്രാഥമിക പരീക്ഷയിൽനിന്നു പുറത്തായിരുന്നു. സമാന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. 3, 5 ഘട്ടങ്ങളിലായി പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്കാണ് ഇത്തവണ പരാതി. ആറാം ഘട്ടം ഇനി നടക്കാനുണ്ട്.

മുൻകാലങ്ങളിൽ ഓരോ തസ്തികയ്ക്കും പ്രത്യേകം പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു പരിഷ്കാരം കൊണ്ടു വന്നത്. 

മുൻപ് ഏതെങ്കിലും ഒരു തസ്തികയുടെ പരീക്ഷയിൽ പുറത്തായാലും സമാന യോഗ്യതയുള്ള മറ്റു തസ്തികളിലേ‍ക്കു പരീക്ഷ എഴുതി നില മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാഥമിക പരീക്ഷയിൽ പുറത്തായാൽ വിവിധ തസ്തികകളിലേക്കുള്ള അവസരം ഒരുമിച്ചു നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.

പൊലീസ് കോൺസ്റ്റബിൾ മുതൽ എൽജിഎസ് വരെ

പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള നിയമനത്തിനു ആദ്യം പ്രാഥമിക പരീക്ഷ നടത്തും. ഇതിൽ യോഗ്യത നേടുന്നവർ വിവിധ തസ്തികകളിൽ മെയിൻ പരീക്ഷ എഴുതണം. ജൂനിയർ അസി, റവന്യു വകുപ്പിൽ ഫീൽഡ് അസി., വനംവകുപ്പിൽ റിസർവ് വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോൺസ്റ്റബിൾ, ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക്, ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫിസർ, ഫീമെയിൽ പ്രിസൺ ഓഫിസർ, വിവിധ കമ്പനി ബോർഡ് കോർപറേഷനിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് അടക്കമുള്ള തസ്തികകൾ ഇവയിൽ പെടുന്നു.

English Summary: Allegations on PSC's 10th-level preliminary exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com