ADVERTISEMENT

കോട്ടയം ∙ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്നു കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി.ജോർജ്. മുഖ്യമന്ത്രി പോയ ശേഷമോ അതിനു മുൻപോ മുഖ്യമന്ത്രിയുടെ മകൾ ഈ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കുണ്ടെന്നും ജോർജ് ആരോപിച്ചു.

എന്തു വില കൊടുത്തും ആരോപണങ്ങൾ തെളിയിക്കും. തെളിവുകൾ ഇഡിക്ക് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണും. സോളർ പ്രതിയുടെ പീഡന പരാതിയിൽ കള്ളസാക്ഷിയുണ്ടാക്കാ‍ൻ ശ്രമമുണ്ട്. താൻ കണ്ടിട്ടില്ലാത്ത ഒരാൾ തന്നെയും പരാതിക്കാരിയെയും കണ്ടെന്നു പൊലീസ് പറയുന്നു. തന്റെ ഭാര്യയെയും കേസിൽപ്പെടുത്താൻ ശ്രമമുണ്ട്. അതും നിയമപരമായി നേരിടും തനിക്കതിരെയുള്ള കള്ളക്കേസുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ജോർജ് പറഞ്ഞു

 

അവഗണിക്കണമെന്ന് സിപിഎമ്മിൽ ധാരണ

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പുതിയ ആരോപണങ്ങളുമായി ഇറങ്ങിയ പി.സി. ജോർജിനെ സിപിഎം അവഗണിക്കും. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണു ജോർജിന്റെ ലക്ഷ്യമെന്നും അതിൽ വീഴേണ്ട എന്നുമാണു ഉന്നത സിപിഎം നേതാക്കൾക്കിടയിലെ ധാരണ.

ആരോപണങ്ങൾക്ക് സിപിഎമ്മോ മുഖ്യമന്ത്രിയോ മറുപടി പറഞ്ഞാൽ അതിൽ പിടിച്ച് അടുത്ത ആരോപണം ഉന്നയിക്കും. അതിനാൽ ആരോപണങ്ങളെപ്പറ്റി ചോദ്യം ഉയർന്നാൽ തെളിവു കൈവശമുള്ളവർക്ക് അന്വേഷണ ഏജൻസികൾക്കു നൽകാമല്ലോ എന്നതാവും പൊതുവിലുള്ള മറുപടി.

ഇതേ നിലപാടിൽ തന്നെയാണു സിപിഐയും. തെളിവുണ്ടെങ്കിൽ ജോർജ് അന്വേഷണ സംഘത്തിനു കൈമാറട്ടെയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

 

 

പി.സി.ജോർജിനെതിരെ ഇന്ന് അപ്പീൽ നൽകുമെന്ന് പരാതിക്കാരി

കൊച്ചി ∙ പീഡന കേസിൽ പി.സി. ജോർജിനു ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകുമെന്നു പരാതിക്കാരി പറഞ്ഞു. പി.സി. ജോർജിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും. പരാതി നൽകിയത് ശനിയാഴ്ചയല്ല; രണ്ടാഴ്ചയായി ഇതിനു പിന്നിലാണ്. പൊലീസിനു വീഴ്ച പറ്റിയതായി പറയില്ല. തെളിവു സഹിതമാണു പൊലീസിൽ പരാതി നൽകിയത്. ചികിത്സയിലായതിനാലാണു പരാതി നൽകാൻ വൈകിയത്. ഇടതുപക്ഷ നേതാക്കളുമായി ബന്ധമില്ല.

പി.സി. ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. തന്നോടു മോശമായി പെരുമാറിയോയെന്ന് പി.സി. ജോർജ് സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യ സംവാദത്തിനു തയാറാകണം. 

സംരക്ഷിക്കുമെന്നു തോന്നിയ സമയത്താണു പി.സി. ജോർജ് മെന്ററാണെന്നു പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.

 

English Summary: PC George against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com