ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങാതിരുന്നിട്ടും രാവിലെ സ്പീക്കർ ചോദ്യോത്തരവും ശൂന്യവേളയും റദ്ദാക്കിയപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായിരുന്നു; അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കു സിപിഎമ്മും സർക്കാരും ഒരുങ്ങുകയാണ്. അത് മന്ത്രി സജി ചെറിയാന്റെ രാജിയിലേക്കാണോ രാജി വേണ്ടെന്നു വയ്ക്കുന്നതിലേക്കാണോ നീങ്ങുക എന്നതായിരുന്നു സസ്പെൻസ്. 

പ്രതിഷേധം ഏതൊക്കെ തലങ്ങളിൽ വേണമെന്ന കൂടിയാലോചനകളിലായിരുന്നു രാവിലെ യുഡിഎഫ്. എന്നാൽ‌, ഉച്ചയ്ക്ക് സിപിഎം യോഗത്തിൽ നിന്നിറങ്ങുമ്പോൾ ‘എന്തിനാ രാജി’ എന്നു ചോദിച്ച സജി ചെറിയാൻ വൈകിട്ട് വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചതോടെ ട്വിസ്റ്റും സസ്പെൻസും നിറ‍ഞ്ഞ രാഷ്ട്രീയ നാടകത്തിനു ക്ലൈമാക്സായി.

ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി രാവിലെ 9.08നു നിയമസഭ പിരിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും നേരെ സെക്രട്ടേറിയറ്റിലേക്കാണു പോയത്. നിയമസഭയിൽ നിലപാടറിയിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ തീരുമാനത്തിനായി നീങ്ങുകയാണെന്നും അതോടെ വ്യക്തമായി. എന്നാൽ, സജി ചെറിയാൻ നിയമസഭയിലെ ഓഫിസിൽത്തന്നെ ഇരുന്നു. ഇതിനിടെ രാജി അനിവാര്യമാണോ എന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നിയമോപദേശം തേടി.

10ന് സജി ചെറിയാൻ നിയമസഭയിൽനിന്നു കനത്ത പൊലീസ് സുരക്ഷയിൽ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫിസിലേക്കു തിരിച്ചു. മാധ്യമപ്രവർത്തകരോട് ഒന്നും മിണ്ടാതെ അദ്ദേഹം ഓഫിസിലേക്കു കയറിപ്പോയി. അതിനുശേഷം എകെജി സെന്ററിലെത്തിയപ്പോഴും സജി ചെറിയാൻ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. അകത്ത് അവെയ്‌ലബിൾ െസക്രട്ടേറിയറ്റിൽ ചർച്ച തുടരുമ്പോൾ സജി ചെറിയാന്റെ രാജി വിഷയം ഇന്നത്തെ സമ്പ‍ൂർണ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിക്കുന്നതിനായി മാറ്റിയെന്ന വാർത്തകളാണു പുറത്തു വന്നത്.

പുറത്തിറങ്ങിയ സജി പ്രതികരിക്കാതെ കാറിനടുത്തേക്കു നീങ്ങിയെങ്കിലും ആവർ‌ത്തിച്ചുള്ള ചോദ്യങ്ങൾ‌ക്കു മുന്നിൽ മറുചോദ്യമെറിഞ്ഞു: ‘‘എന്തിനാ രാജി? പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്.’’ ഈ പ്രതികരണത്തിൽനിന്ന് രാജിയുണ്ടാകില്ലെന്ന സൂചന പടർന്നു. 4ന് മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തപ്പോൾ അക്കാര്യം ഒന്നുകൂടി ഉറപ്പിച്ചു. പിന്നാലെ വൈകിട്ട് 5.45ന് സജി ചെറിയാൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്ന അറിയിപ്പു വന്നതോടെ വീണ്ടും ആകാംക്ഷ. ഒടുവിൽ ആ വാർത്തയെത്തി.

നടപടി വൈകിപ്പിച്ച് പൊലീസ്

തിരുവല്ല ∙ സജി ചെറിയാൻ നടത്തിയ പ്രസംഗത്തിനെതിരെയുള്ള പരാതികളിൽ ഇന്നലെ പൊലീസിലും കോടതിയിലും നടന്നതു നാടകീയ സംഭവങ്ങൾ. പൊലീസിനു കിട്ടിയ പരാതികളെല്ലാം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിയമോപദേശത്തിനു രാവിലെത്തന്നെ നൽകി. എന്നാൽ, പരാതിക്കാരൻ നൽ‌കിയ സിഡി പൂർണമല്ലാത്തതിനാൽ നിയമോപദേശം നൽകാനാകില്ലെന്നാണ് അറിയിപ്പു കിട്ടിയത്.

ഇതിനിടെയാണ് പരാതിക്കാരിലൊരാളായ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. പൊലീസിന് അന്വേഷണത്തിനു സമയം കിട്ടട്ടെ എന്ന നിലയിൽ 8ലേക്കു കേസ് വാദത്തിനു മാറ്റി. എന്നാൽ, ഇതിനു പിന്നാലെ കോടതി പിരിയുന്നതിനു തൊട്ടുമുൻപ് മജിസ്ട്രേട്ട് സീൽ ചെയ്ത കവറിൽ കീഴ്‌വായ്പൂര് എസ്എച്ച്ഒക്കു കത്തു നൽകി. പൊലീസ് ഈ കത്തുമായി സ്റ്റേഷനിലെത്തി. എസ്എച്ച്ഒ ഇല്ലാത്തതിനാൽ കവർ ഡിവൈഎസ്പിക്ക് 6 മണിയോടെ കൈമാറി. തുടരന്വേഷണം നടത്തി കേസെടുക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.  എന്നാൽ, കോടതി അറിയിച്ച വിവരം പൊലീസ് രാത്രി വൈകിയും പുറത്തുവിടുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. കോടതി അടിയന്തര നിർദേശം നൽകിയിട്ടും പൊലീസ്, ഉന്നതതലത്തിലെ മറ്റാരുടെയോ നിർദേശത്തിനു കാത്തിരിക്കുന്നതായാണ് ആക്ഷേപം. 

Content Highlight: Saji Cherian Constitution Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com