ADVERTISEMENT

ന്യൂഡൽഹി ∙ മന്ത്രിസ്ഥാനം രാജിവച്ചത് തന്റെ തീരുമാനമെന്നാണു സജി ചെറിയാൻ ഇന്നലെ വൈകിട്ട് അവകാശപ്പെട്ടത്. എന്നാൽ, രാജിവയ്ക്കാതെ പറ്റില്ലെന്ന് സിപിഎം കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ രാവിലെത്തന്നെ ധാരണയിലെത്തിയിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന അബദ്ധങ്ങൾ വിളിച്ചുപറഞ്ഞതിനുള്ള ശിക്ഷയെന്നാണ് രാജിയെ നേതാക്കൾ വിശേഷിപ്പിക്കുന്നത്. പാർട്ടിയുടെ രാഷ്ട്രീയ താൽപര്യത്തിനു വിരുദ്ധമായതു ചെയ്തു എന്ന പേരിലാണു മന്ത്രിസഭയിൽനിന്നു പുറത്താക്കിയത്.

മന്ത്രിക്കെതിരെ നടപടി ഉറപ്പാണെന്നും അതു സംസ്ഥാന നേതൃത്വം അറിയിക്കുമെന്നും ഉച്ചയ്ക്കു രണ്ടിന് മാധ്യമങ്ങളെ കണ്ടപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയിരുന്നു. മന്ത്രി പുറത്തേക്കെന്ന് അതോടെ വ്യക്തമായി. രാജിപ്രഖ്യാപിക്കാൻ സമയം വേണമെന്ന് യച്ചൂരിയോടു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെന്നാണു സൂചന. നിയമസഭ സമ്മേളിക്കുന്നതിനാൽ രാജിപ്രഖ്യാപനം സഭയിൽത്തന്നെ വേണോ, സജി ചെറിയാന്റെ വകുപ്പുകൾ ആരെ ഏൽപിക്കണം തുടങ്ങിയവ ആലോചിക്കാനാണു സമയമാവശ്യപ്പെട്ടത്. കോടതിയിലെ കേസിന്റെ സ്ഥിതി എന്താകുമെന്ന ‘പ്രാദേശിക സാഹചര്യം’ കൂടി കണക്കിലെടുത്ത് രാജിപ്രഖ്യാപന സമയം തീരുമാനിക്കാമെന്നും വ്യക്തമാക്കി.

ഭരണഘടനയെ അവഹേളിച്ചില്ലെന്നും ഭരണകൂടത്തെയാണു വിമർശിച്ചതെന്നുമുള്ള സജി ചെറിയാന്റെ വാദത്തോടു പാർട്ടിക്കു യോജിപ്പില്ല. പകരം, പരാമർശങ്ങളെ പാർട്ടി നേതൃത്വം വിലയിരുത്തുന്നത് ഇങ്ങനെ:

∙ പരാമർശങ്ങൾ അവഹേളനംതന്നെയാണ്. എന്നാൽ, അത് സജി ചെറിയാൻ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതല്ല; ആവേശത്തിൽ പറഞ്ഞ അബദ്ധങ്ങളാണ്. അവ അതിരുവിട്ടു.

∙ പരാമർശങ്ങൾ പാർട്ടി നിലപാടിനു വിരുദ്ധം. ഭരണഘടനാ മൂല്യങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ലംഘിക്കുന്നു എന്നത് ബിജെപിക്കും ആർഎസ്എസിനുമെതിരെ സിപിഎം ഉന്നയിക്കുന്ന വാദങ്ങളാണ്. എന്നാൽ, ആ മൂല്യങ്ങൾ ഭരണഘടനയിൽ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ വാദം പാർട്ടിയെ പ്രതിരോധത്തിലാക്കി.

∙ ബ്രിട്ടിഷുകാർ പറഞ്ഞുകൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ‍ എഴുതിവച്ചു എന്നു സജി ചെറിയാൻ പറഞ്ഞു. ആർഎസ്എസ് നേതാവായിരുന്ന എം.എസ്.ഗോൾവാൾക്കറുടെ വാദമാണിതെന്നും അത് ആവർത്തിച്ചു പറയുന്നതിനെ കോൺഗ്രസ് രാഷ്ട്രീയ ആരോപണമാക്കുമെന്നും പാർട്ടി വിലയിരുത്തി.

അതേസമയം, ഭരണഘടനയെ വിമർശിച്ചതിനെ സത്യപ്രതിജ്ഞാലംഘനമായി കണക്കാക്കാനാകില്ലെന്നാണു സിപിഎം നിലപാട്. മുഖ്യമന്ത്രിക്കു ലഭിച്ച നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണിത്.

സജി ചെറിയാൻ രാജിവയ്ക്കണമെന്ന തീരുമാനത്തിലെത്താൻ ഏറെ സമയമെടുത്തില്ലെന്നാണു നേതാക്കൾ സൂചിപ്പിക്കുന്നത്. അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോയിൽ പങ്കെടുത്ത ആരെങ്കിലുമോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ സംസ്ഥാന നേതാക്കളോ സജി ചെറിയാനെ ന്യായീകരിക്കാൻ തയാറായില്ല.

മന്ത്രിസഭയിൽ തിരിച്ചെത്തുമോ

ശിക്ഷ കഴിഞ്ഞ് സജി ചെറിയാൻ മന്ത്രിസഭയിൽ തിരികെയെത്താനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല. വിവാദത്തോടും നടപടിയോടും ജനത്തിന്റെ പ്രതികരണം ഉൾപ്പെടെ വിലയിരുത്തിയശേഷമാകും ഇതു സംബന്ധിച്ച തീരുമാനമെന്നാണു നേതാക്കൾ പറയുന്നത്. സജി ചെറിയാനു പകരം മറ്റൊരാളെ മന്ത്രിയാക്കുന്നത് ഇപ്പോൾ ആലോചിക്കുന്നുമില്ല.

എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ

ഭരണഘടനയോടുള്ള കൂറും വിശ്വാസ്യതയും പാലിക്കുമെന്നത് മന്ത്രിമാർ മാത്രമല്ല എംഎൽഎമാരും ചൊല്ലുന്ന സത്യവാചകമാണ്. അതുകൊണ്ടുതന്നെ, ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനവും ഒഴിയണമെന്ന വാദമുയർന്നിട്ടുണ്ട്. എംഎൽഎമാർക്കുള്ള സത്യവാചകവും ഭരണഘടനയിൽത്തന്നെയുള്ളതാണ്. എന്നാൽ, മന്ത്രിയെ പുറത്താക്കിയത് സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരിലല്ലാത്തതിനാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്നാണു സിപിഎം നിലപാട്.

Content Highlight: Saji Cherian Constitution Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com