ADVERTISEMENT

തിരുവനന്തപുരം ∙ സാംസ്കാരിക വകുപ്പിന്റെ ചുമതലയേറ്റതിനു പിന്നാലെ ടിവി സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച മന്ത്രിയാണ് ഒരു വർഷം പിന്നിടുമ്പോൾ ‘സെൻസറിങ്’ ഇല്ലാത്ത പ്രസംഗത്തിന്റെ പേരിൽ രാജിവയ്ക്കാൻ നിർബന്ധിതനായത്. വജ്രജൂബിലി ഫെലോഷിപ് പദ്ധതിക്കായി 1000 യുവകലാകാരന്മാരെ സാംസ്കാരിക വകുപ്പ് ക്ഷണിച്ച ദിവസമാണു മന്ത്രിയുടെ പടിയിറക്കം.

ചെറുപ്പകാലത്ത് റിലീസ് ദിനം തന്നെ സിനിമകൾ കണ്ടിരുന്ന സജി ചെറിയാന് മന്ത്രിയായി ഒരു വർഷത്തിനിടെ 2 തവണ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ അവസരം ലഭിച്ചെങ്കിലും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് കല്ലുകടിയായി. ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാത്തതിന്റെ പേരിൽ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രവർത്തകരുമായി ഇടഞ്ഞത് മന്ത്രിയെ വിവാദനായകനാക്കി. റിപ്പോർട്ടിൽ സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ പുറത്തുവിടാനാകില്ലെന്നു പറഞ്ഞ മന്ത്രി, ഡബ്ല്യുസിസിക്ക് എതിരെ ആരോപണവും ഉന്നയിച്ചു.

സ്വർണക്കടത്തു കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ പ്രതിയെ ‘എവിടന്നു കിട്ടി ഈ സാധനത്തെ’ എന്നാണ് സാംസ്കാരിക മന്ത്രി ആക്ഷേപിച്ചത്.

സജി ചെറിയാൻ കൈകാര്യം ചെയ്ത ഫിഷറീസ് വകുപ്പും വിവാദക്കടലിൽ ആയിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾക്ക് ലീറ്ററിന് 25 രൂപയ്ക്കു മണ്ണെണ്ണ നൽകുമെന്ന എൽഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധമുയർന്നപ്പോൾ, വില വർധിപ്പിക്കുന്ന കേന്ദ്രത്തെ പഴിചാരി മന്ത്രി ഒഴിഞ്ഞുമാറി. മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് തുക അവകാശികൾക്കു ലഭിക്കാത്ത കേസുകളിൽ ഇടപെടാൻ ചില പരിശ്രമങ്ങൾ മന്ത്രി നടത്തി. മത്സ്യഫെഡിന്റെ മീൻവിൽപന കേന്ദ്രങ്ങളിലെ കോടികളുടെ തട്ടിപ്പ് നിയമസഭയിലും ഉന്നയിക്കപ്പെട്ടു. ഇതിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാണ് മന്ത്രി പ്രതിരോധം തീർത്തത്.

 

 

English Summary: Saji Cheriyan speaks without censoring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com