ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളിൽ വിശദീകരണം തേടിയില്ലെങ്കിൽ വിചാരണ നടപടികളെ ബാധിക്കുമെന്നു അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ നിലപാടു തുടരന്വേഷണം അർഹിക്കുന്നതാണ്.

ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനിയെയും ഒരുമിച്ചു കാണുന്ന ചിത്രം ഫോട്ടോഷോപ്പിൽ കൃത്രിമമായി തയാറാക്കിതാണെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇക്കാര്യം കേരളാ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ടു സമ്മതിച്ചതായും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.

കേസിലെ മുഖ്യപ്രതി പൾസർ സുനി ഈ കേസിലെ അതിജീവിതയ്ക്കു പുറമേ മറ്റു മൂന്നു നടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചു ബ്ലാക്മെയിൽ ചെയ്തതായി അറിയാമെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്. ജയിലിനുള്ളിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പൾസർ സുനിക്കു നൽകിയത് കേരളാ പൊലീസിനെ ഒരുദ്യോഗസ്ഥനാണെന്ന ഗുരുതരമായ ആരോപണവും ശ്രീലേഖ ഉന്നയിക്കുന്നുണ്ട്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കണ്ടാണ് ഈ നിഗമനത്തിലെത്തിയതെന്നും പറയുന്നു.

വിചാരണ പൂർത്തിയാകും മുൻപു തന്നെ തുടരന്വേഷണത്തിനു പുതിയ ദിശ നൽകുന്ന വെളിപ്പെടുത്തലുകളാണു ശ്രീലേഖ നടത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തി വിഡിയോയിൽ പരാമർശിക്കപ്പെട്ട മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, പീഡിപ്പിക്കപ്പെട്ടതായി ശ്രീലേഖയ്ക്കു നേരിട്ടു ബോധ്യമുള്ള 3 നടിമാർ, ജയിലിലേക്കു മൊബൈൽ ഫോൺ കടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെ ചോദ്യം ചെയ്ത് അവരുടെ മൊഴികൾ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി വിചാരണക്കോടതിയിൽ സമർപ്പിക്കാതെ ക്രിമിനൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്.

English Summary: Legal opinion to ask explanation from forme DGP R. Sreelekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com