ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി നിരക്കു വർധനയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോൾ മന്ത്രി കെ.കൃഷ്ണൻകുട്ടി നൽകിയതു പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ. അൻവർ സാദത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെത്തുടർന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി.

പിരിഞ്ഞു കിട്ടാനുള്ള കുടിശിക കാരണമാണു വൈദ്യുതി ബോർഡ് നഷ്ടത്തിലേക്കു പോയതെന്നും അതുകൊണ്ടാണു വർധന വേണ്ടിവന്നതെന്നും ആദ്യം പറഞ്ഞ കൃഷ്ണൻകുട്ടി പിന്നീട് അതു തിരുത്തി–താരിഫ് നിർണയത്തിൽ കുടിശിക ഒരു ഘടകമല്ല. നിരക്കു വർധന തീരുമാനിക്കുന്നതു റഗുലേറ്ററി കമ്മിഷനാണെന്നും ഈ തോതിലെങ്കിലും നിർത്താൻ സാധിച്ചതു സർക്കാർ നിർദേശം മൂലമാണെന്നും പിന്നീട് അവകാശപ്പെട്ടു. 

2011 മുതൽ 2016 വരെ വൈദ്യുതി നിരക്ക് 3 തവണയായി 44.44% വർധിപ്പിച്ചപ്പോൾ 2016–’22 കാലത്ത് 3 തവണയായി 19% ആണു കൂട്ടിയതെന്നു മന്ത്രി പറഞ്ഞു. ബോർഡ് 2019-’20 ൽ 269 കോടിയും 2020-’21ൽ 1822 കോടിയും നഷ്ടത്തിലാണ്. 2021-’22ൽ 1,400 കോടി ലാഭമുണ്ട്. എന്നാൽ സഞ്ചിത നഷ്ടം 14,800 കോടി‌യും വായ്പ ബാധ്യത 10,600 കോടിയുമാണ്. മൊത്തം കുടിശിക 2,789 കോടി.

താപനിലയങ്ങളിൽ നിന്ന് 850 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്കു വാങ്ങാൻ 2014ൽ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിൽ 300 മെഗാവാട്ട് വാങ്ങാനേ റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരമുള്ളൂ. അംഗീകാരമില്ലാത്ത കരാറുകാരിൽ നിന്നു വൈദ്യുതി വാങ്ങിയതിന്റെ 234.40 കോടിയുടെ ചെലവ് അനധികൃതമാണ്. ദീർഘകാല കരാറുകളിൽ നിന്നു ചില വ്യവസ്ഥകൾ ഒഴിവാക്കിയാൽ 800 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാം. ഇക്കാര്യത്തിൽ ഉടനെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:  Minister K Krishnankutty on electricity charges hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com