ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് പൂർണം. നിയമസഭയിലെ 140 എംഎൽഎമാരെ കൂടാതെ ഉത്തർപ്രദേശിലെ ഒരു നിയമസഭാംഗവും തമിഴ്‌നാട്ടിലെ ഒരു എംപിയും നിയമസഭാ മന്ദിരത്തിലെ ബൂത്തിൽ വോട്ടു ചെയ്തു. കേരള എംഎൽഎമാരെല്ലാം പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്തുവെന്നാണു വിവരം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ് .

പാലക്കാട്ട് ആയുർവേദ ചികിത്സയിലായിരുന്ന ഉത്തർപ്രദേശിലെ സേവാപുരി മണ്ഡലത്തിലെ ബിജെപി എംഎൽഎ നീൽ രത്തൻ സിങ്, തിരുനെൽവേലിയിലെ ലോക്സഭാംഗവും ഡിഎംകെ പ്രതിനിധിയുമായ ജ്ഞാന തെരവിയം എന്നിവരാണ് പുറത്തുനിന്ന് വോട്ടു ചെയ്യാനെത്തിയത്. കോവിഡ് ആയതിനാൽ ചെന്നൈ വരെ പോകാൻ സാധിക്കാതെ വന്നതുകൊണ്ടാണ് തമിഴ്നാട് എംപി ഇവിടെ എത്തിയത്. ഏറ്റവും ഒടുവിലത്തെ വോട്ടർ ആയിരുന്നു അദ്ദേഹം. പിപിഇ കിറ്റ് ധരിച്ച് എംപി എത്തിയപ്പോൾ ബൂത്തിലെ ഉദ്യോഗസ്ഥരും കിറ്റ് ധരിച്ചു. കാലിനു പരുക്കുള്ള ഉത്തർപ്രദേശ് എംഎൽഎ വീൽ ചെയറിലാണ് എത്തിയത്. ഇരുവരുടെയും വോട്ടുകൾ അവരുടെ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് എണ്ണുക.

നിയമസഭാ മന്ദിരത്തിലെ ബൂത്തിൽ 10 മുതൽ 5 വരെയായിരുന്നു വോട്ടെടുപ്പ്. ജോയിന്റ് സിഇഒ പി.കൃഷ്ണദാസൻ, നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താൻ എന്നിവർ മേൽനോട്ടം വഹിച്ചു. രാത്രി ഏഴരയോടെ എയർ ഇന്ത്യ വിമാനത്തിൽ ബാലറ്റ് പെട്ടികൾ ഡൽഹിക്കു കൊണ്ടുപോയി.

പാർട്ടി രേഖ ‘ലംഘിച്ച് ’ ദൾ എംഎൽഎ

എംഎൽഎമാരായ മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് യശ്വന്ത് സിൻഹയ്ക്ക് വോട്ടു ചെയ്തു. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് വോട്ടു ചെയ്യാനാണ് പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ എടുത്ത തീരുമാനം. എന്നാൽ കേരളത്തിൽ എൽഡിഎഫ് എടുത്ത നിലപാടിന് ഒപ്പമേ നിൽക്കൂ എന്ന തീരുമാനത്തിലായിരുന്നു കേരള നേതൃത്വം. പനിയെത്തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ കഴിയുന്ന മാത്യു ടി.തോമസ് വോട്ട് ചെയ്തശേഷം ആശുപത്രിയിലേക്ക് തിരിച്ചുപോയി.

English Summary: Presidential polls; Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com