ADVERTISEMENT

തിരുവനന്തപുരം∙ ‘മാധ്യമം’ ദിനപത്രത്തിന് എതിരെയുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ നീക്കം സിപിഎമ്മിന്റെ നിലപാടിന് അനുസൃതമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പത്രത്തെ നിരോധിക്കാൻ പാർട്ടി ആവശ്യപ്പെടില്ല. മന്ത്രിമാരും എംഎൽഎമാരും കത്തെഴുതുന്നത് സിപിഎമ്മുമായി ആലോചിച്ചല്ല. കോവിഡ് കാലത്ത് ഗൾഫിൽ ഉണ്ടായ മരണം സംബന്ധിച്ച വാർത്തയ്ക്കെതിരെ എടുത്ത നിലപാട് എന്നു ജലീൽ വിശദീകരിച്ചിട്ടുണ്ട്. ജലീലിന്റെ നടപടി തെറ്റല്ലേ എന്നു ചോദിച്ചപ്പോൾ അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാർട്ടി അഭിപ്രായം പറഞ്ഞു കഴിഞ്ഞെന്നും ആയിരുന്നു കോടിയേരിയുടെ മറുപടി. പ്രോട്ടോക്കോൾ ലംഘനമുണ്ടെങ്കിൽ വിദേശകാര്യ വകുപ്പാണല്ലോ നടപടി എടുക്കേണ്ടത്.

കിഫ്ബി പദ്ധതികളുടെ പേരിൽ മുൻമന്ത്രി തോമസ് ഐസക്കിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടാൻ സിപിഎം തീരുമാനിച്ചതായി സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ നിയമവിദഗ്ധരുമായി ഇക്കാര്യം ആലോചിക്കും. നോട്ടിസ് കിട്ടിയാൽ ഉടൻ ഇഡിയുടെ മുന്നിൽ ഐസക് ഹാജരാകേണ്ട കാര്യമില്ല. നിയമജ്ഞരുമായി ആലോചിച്ച ശേഷം ഹാജരാകേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യും. വികസന പ്രവർത്തനങ്ങൾക്കായി 70,000 കോടി രൂപയാണ് കിഫ്ബി വഴി ഉപയോഗപ്പെടുത്തുന്നത്.

പാർലമെന്റ് തിര‍ഞ്ഞെടുപ്പിനു മുൻപായി വികസന പദ്ധതികളെ സ്തംഭിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇഡി നോട്ടിസിനു പിന്നിൽ. പല സംസ്ഥാനങ്ങളിലും ഇഡിയെ ആണ് കേന്ദ്രസർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കേരളത്തിലും ആ ലക്ഷ്യത്തോടെ ആരംഭിച്ച നടപടികളെ അപലപിച്ച കോൺഗ്രസിന്റെ പുതിയ നിലപാട് സ്വാഗതാർഹമാണ്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഇഡി വന്നതോടെയാണ് കോൺഗ്രസ് ഞെട്ടിയുണർന്നത്.

ഇ.പി.ജയരാജന് ഇൻഡിഗോ യാത്രാ വിലക്ക് ഏർപ്പെടുത്തിയതു ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് അംഗരക്ഷകനാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള നീക്കം തടയുന്നതു കുറ്റമാണ് എന്ന രീതി ബന്ധപ്പെട്ടവർ തിരുത്തണം. ആ വിമാനത്തിൽ കയറാനില്ല എന്ന ജയരാജന്റെ തീരുമാനം വ്യക്തിപരമാണ്. ഓരോരുത്തരും യാത്ര ചെയ്യേണ്ട വാഹനം തീരുമാനിക്കേണ്ടത് അവർ തന്നെയാണല്ലോ. എകെജി സെന്റർ ആക്രമണക്കേസിൽ യഥാർഥ പ്രതിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട ചിലരെ ഇതുമായി ബന്ധപ്പെടുത്തുന്ന ചില മാധ്യമങ്ങളുടെ നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

English Summary: Kodiyeri Balakrishnan about K.T. Jaleel letter demanding action against Madhyamam newspaper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com