ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ വരുമാനമുണ്ടാക്കാത്ത പദ്ധതികൾക്ക് ഇനി വായ്പ നൽകേണ്ടെന്നു പൊതുമേഖലാ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കർശന നിർദേശം നൽകി. ഏപ്രിലിൽ നൽകിയ നിർദേശം ബാങ്കുകൾ പാലിക്കാത്തതിനാലാണ് കഴിഞ്ഞ മാസം 13ന് കർശന നിർദേശമെത്തിയത്. ഇതോടെ സംസ്ഥാന സർക്കാരിനു കീഴിലെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് ഇനി വായ്പയെടുക്കുന്നതിനു തടസ്സം നേരിടും. പദ്ധതികൾ പലതും അവതാളത്തിലുമാകും. കിഫ്ബിക്കുള്ള വായ്പകളെ നിലവിൽ ബാധിക്കില്ല.

വിഴിഞ്ഞം, ലൈഫ്, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ തുടങ്ങി കേരളത്തിലെ ഒട്ടേറെ പദ്ധതികളെ ഇതു ബാധിക്കും. സംസ്ഥാനം വികസന പദ്ധതികളൊന്നും നടപ്പാക്കരുതെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത് അംഗീകരിക്കാനാവില്ല. കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതും

വായ്പ കൊണ്ട് പദ്ധതി നടപ്പാക്കുകയും അതിൽ നിന്നു വരുമാനമുണ്ടാക്കി തിരിച്ചടയ്ക്കുകയും ചെയ്യുന്ന ബിസിനസ് മോഡലുകൾക്കു മാത്രമാകും മേലിൽ ബാങ്കുകൾ‌ പണം നൽകുക. സർക്കാർ, അർധസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്കു കെട്ടിടം നിർമിക്കുന്നതിന് ഇനി ബാങ്കുകൾ വായ്പ നൽകാൻ പാടില്ലെന്നും ആർബിഐ നിർദേശിച്ചു. സർക്കാരിനു കീഴിൽ കമ്പനി നിയമപ്രകാരം രൂപീകരിച്ച കോർപറേറ്റുകൾക്കു വായ്പ നൽകാം. എന്നാൽ, ഇൗ സ്ഥാപനങ്ങൾ വാണിജ്യ ലാഭമുണ്ടാക്കുന്ന തരത്തിൽ പ്രവർ‌ത്തിക്കുന്നവയാണെന്ന് ഉറപ്പു വരുത്തണം. ഒരു പദ്ധതിക്കായി സർക്കാർ ചെലവിടുന്ന തുക കിഴിച്ച് ബാക്കിയാണ് വായ്പയായി നൽകുന്നതെന്ന് ഉറപ്പാക്കണം. എടുത്ത വായ്പ തിരിച്ചടയ്ക്കുന്നത് സർക്കാരിന്റെ പണം കൊണ്ടാകരുത്; പകരം പദ്ധതിയിൽ നിന്നുള്ള വരുമാനം കൊണ്ടാകണം.

ഭവനപദ്ധതികൾക്കു തിരിച്ചടി

റിസർവ് ബാങ്കിന്റെ തീരുമാനം മൂലം വികസന പദ്ധതികൾക്കും ഭവന പദ്ധതികൾക്കുമാണ് മുഖ്യമായും നിയന്ത്രണം വരിക. പൊലീസ് ഹൗസിങ് കോർ‌പറേഷൻ പോലെയുള്ള സ്ഥാപനങ്ങൾ വായ്പയെടുത്താണ് പൊലീസുകാർക്കു ക്വാർട്ടേഴ്സും വീടുകളും നിർമിക്കുന്നത്. സർക്കാർ ബജറ്റ് വിഹിതമായി നൽകുന്ന തുക ഉപയോഗിച്ചാണ് ഇതു തിരിച്ചടയ്ക്കുന്നത്. ഇത്തരത്തിൽ തിരിച്ചടയ്ക്കുന്ന പദ്ധതികൾക്ക് ഇനി വായ്പ നൽകരുത്. തങ്ങളുടെ നിർദേശം കണക്കിലെടുത്താണോ ഇതുവരെ വായ്പകൾ നൽകിയതെന്ന് 3 മാസത്തിനുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടു.

English Summary: Loan ban for non-revenue government projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com