ADVERTISEMENT

കാഴ്ചപരിമിതിയുള്ള ഹന്നയ്ക്ക് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ  ഒന്നാം റാങ്ക് 

കൊച്ചി∙ ഹന്ന ആലീസ് സൈമൺ സന്തോഷവതിയാണ്. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അധ്യാപകരും കൂട്ടുകാരുമെല്ലാമടങ്ങുന്ന സമൂഹത്തിലേക്കു പ്രസരിക്കുന്ന സന്തോഷം. പരിമിതികളിൽ തളരാതെ സാധ്യതകളെ പ്രയോജനപ്പെടുത്തി നേട്ടം കൊയ്തതിന്റെ ആഹ്ലാദം. 

  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ രാജ്യത്തുതന്നെ ഒന്നാം റാങ്കെന്ന സുപ്രധാന നേട്ടം കൈവരിച്ചപ്പോഴും അടുത്ത സാധ്യതകളിലേക്കാണു ഹന്നയുടെ അകക്കണ്ണ്. യുഎസിലെ നോട്ടെർഡാം സർവകലാശാലയിൽ സ്കോളർഷിപ്പോടെ സൈക്കോളജി ബിരുദ പഠനത്തിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു ഹന്ന. 

ജന്മനാ കാഴ്ചപരിമിതിയുള്ള ഹന്ന രചിച്ച ‘വെൽകം ഹോം’ എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം അടുത്തയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. കഥയും പാട്ടും രചിച്ചും സംഗീതം അഭ്യസിച്ചും മോട്ടിവേഷനൽ പ്രഭാഷണങ്ങൾ നടത്തിയും മറ്റുള്ളവർക്കു വെളിച്ചമായ പെൺകുട്ടിയുടെ നേട്ടങ്ങളിൽ റാങ്ക് നേട്ടം മറ്റൊരു പൊൻതൂവലായി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിച്ച കലൂർ സ്വദേശിനി 500ൽ 496 മാർക്കു നേടി. 

മാതാപിതാക്കളായ സൈമൺ മാത്യൂസും ലിജ സൈമണും സ്പെഷൽ സ്കൂളിൽ വിടാതെ സാധാരണ സ്കൂളിലാണു ഹന്നയെ പഠിക്കാൻ വിട്ടത്. മൈക്രോഫ്തൽമിയ എന്ന നേത്രരോഗമാണു ഹന്നയെ ബാധിച്ചിരിക്കുന്നത്. 

മകളെ പഠിപ്പിക്കാൻ അമ്മ ലിജ ബ്രെയിലി ലിപി പഠിച്ചു.  അമ്മയ്ക്കും പിതാവിനും സഹോദരങ്ങളായ ഹാനോക്കിനും ഡാനിയേലിനുമെല്ലാം അഭിമാനമായി ഹന്ന പഠനത്തിലും വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. ഉൾക്കാഴ്ച നൽകുന്ന ആത്മബലം കൊണ്ട്.

English Summary: CBSE 12th Result: Hanna won the first rank in the differently abled category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com