ADVERTISEMENT

തിരുവനന്തപുരം ∙ എൽഡിഎഫിലെ അസംതൃപ്തരെ കെപിസിസി ചിന്തൻ ശിബിരം യുഡിഎഫിലേക്കു സ്വാഗതം ചെയ്തതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നണി മാറ്റ ചർച്ചകൾ വീണ്ടും. കേരള കോൺഗ്രസിനെ (എം) തിരികെകൊണ്ടുവരാനുള്ള നീക്കമാണെന്ന് അഭ്യൂഹം ഉയർന്നതോടെ കേരള കോൺഗ്രസ് (ജോസഫ്) വിയോജിപ്പ് സൂചിപ്പിച്ചു. മുന്നണി വിപുലീകരണത്തിൽ മുഖ്യകക്ഷിയായ കോൺഗ്രസാണ് വ്യക്തത വരുത്തേണ്ടതെന്നു ലീഗ് പ്രതികരിച്ചു. യുഡിഎഫിന്റെ മോഹങ്ങൾ സിപിഎമ്മും സിപിഐയും തള്ളി.

തീവ്ര വലതുനയം പിന്തുടരുന്ന എൽഡിഎഫിൽ, ഇടതുസ്വഭാവമുള്ള കക്ഷികൾക്ക് അധികകാലം തുടരാൻ കഴിയില്ലെന്നും അവർ മുന്നണി വിട്ടാൽ സ്വാഗതം ചെയ്യുമെന്നുമുള്ള ചിന്തൻ ശിബിര പ്രഖ്യാപനമാണ് സമ്മിശ്ര പ്രതികരണങ്ങൾക്കു വഴിതുറന്നത്. എന്നാൽ, പ്രഖ്യാപനം ഏതെങ്കിലും കക്ഷിയുടെ പെട്ടെന്നുള്ള വരവ് ഉദ്ദേശിച്ചല്ലെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്.

പുറത്ത് ഉദാരവൽക്കരണ നയങ്ങളെ എതിർക്കുകയും അകത്ത് മസാല ബോണ്ട് പോലെ പരിഷ്കരണ പാതയെ പുൽകുകയും സിൽവർലൈനിനായി വാദിക്കുകയും ചെയ്യുന്ന പിണറായി ലൈനിനോട് യഥാർഥ ഇടതു സഹയാത്രികർ അകലുന്നുവെന്ന വിലയിരുത്തലാണ് ശിബിരത്തിലുണ്ടായത്. 

സിപിഐ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ ഉയരുന്ന വിമർശനങ്ങൾവരെ ഇതിനു കാരണമായി. കേരള കോൺഗ്രസിനെ (എം) തിരിച്ചെത്തിക്കാൻ ശ്രമിക്കണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തിയാർജിക്കണമെന്ന അഭിപ്രായമാണുണ്ടായത്.

ദൗർബല്യങ്ങൾ അകന്ന് മുന്നണി അധികാരത്തിലേക്കു തിരിച്ചുവരികയാണെന്ന സൂചന വന്നാൽ, വിട്ടുപോയവരെല്ലാം തിരിച്ചുവരാൻ സന്നദ്ധമാകും. വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ തുടങ്ങിയവയെ അതിനു മുൻപായി ആകർഷിക്കും. ഇപ്പോൾ ഇടതു മുന്നണിയോടു ചേർന്നുനിൽക്കുന്നവർക്ക് അതിൽ മുൻഗണന നൽകുമെന്നും നേതൃത്വം വിശദീകരിച്ചു.

മോഹങ്ങളുമായി എൻഡിഎയും

തിരുവനന്തപുരം ∙ യുഡിഎഫ്, എൽഡിഎഫ് നേതൃത്വങ്ങളോട് അതൃപ്തിയും മുന്നണികളുടെ സമീപനത്തിൽ വിയോജിപ്പുമുള്ള ചില നേതാക്കളെയും പാർട്ടികളെയും ലക്ഷ്യമിട്ട് ബിജെപിയും നീക്കം ആരംഭിച്ചതായി അഭ്യൂഹം. ഒരു എംഎൽഎയെ സമീപിച്ചെന്നും പറയപ്പെടുന്നു. ക്രൈസ്തവ വോട്ടുകൾ കൂടി ഉന്നം വച്ചുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ ശ്രമങ്ങൾ വിലയിരുത്തപ്പെടുന്നത്. 

∙ ‘എൽഡിഎഫിൽനിന്ന് ഒരാളെപ്പോലും യുഡിഎഫിനു കിട്ടില്ല. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കണ്ട് ആരെങ്കിലും പോകുമോ ? ആർഎസ്എസ് നടത്തിവന്നതാണ് ചിന്തൻശിബിരം. ഇനി അവർ നടത്തുന്ന ബൈഠക്കും നടത്തും’ – ഇ.പി.ജയരാജൻ (എൽഡിഎഫ് കൺവീനർ)

∙ ‘ആഗ്രഹങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. സിപിഐക്ക് എതിർപ്പുള്ള ഒരു പാർട്ടിയും നിലവിൽ എൽഡിഎഫിലില്ല. സിപിഐയുടെ ജില്ലാ സമ്മേളനങ്ങളിൽ പാർട്ടിക്കെതിരെയല്ലാതെ അയൽപക്കക്കാർക്കെതിരെ വിമർശിക്കാൻ പറ്റുമോ ?’ – കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി)

∙ ‘യുഡിഎഫ് വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായം മാത്രമാണ്. യുഡിഎഫ് വിട്ടുപോയവരെയല്ല, ഇടതു മുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്തത്.’ – പി.ജെ.ജോസഫ് (കേരള കോൺഗ്രസ് ചെയർമാൻ)

English Summary: Discussion over Congress chintan shivir decision to bring back unsatisfied parties in ldf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com