ADVERTISEMENT

കോഴിക്കോട്∙ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 5000 വയ്ൽ പേവിഷ വാക്സീൻ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നതോടെ, കേന്ദ്ര മരുന്നു പരിശോധനാ ലാബിന്റെ (സിഡിഎൽ) അംഗീകാരമില്ലാത്ത ശേഖരത്തിൽ നിന്നു വാക്സീൻ വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അനുമതി നൽകി. 

നിർമാണക്കമ്പനി തന്നെ രണ്ടാഴ്ച നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഹാജരാക്കിയതിനെ തുടർന്നാണു കെഎംഎസ്‌സിഎൽ തീരുമാനം. തമിഴ്നാട്ടിൽ നിന്ന് 20,000 വയ്ൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻ എത്തുമെന്നുമാണു കെഎംഎസ്‌സിഎൽ വിശദീകരണം. വാക്സീന്റെ ആവശ്യം അഞ്ചിരട്ടി വർധിച്ചതോടെ മറ്റു മാർഗങ്ങളില്ലെന്നും അധികൃതർ പറയുന്നു.

ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്ട്സിൽ നിന്നാണു കെഎംഎസ്‌സിഎൽ ഇക്വിൻ ആന്റിറാബീസ് ഇമ്യുണോഗ്ലോബുലിൻ വാങ്ങുന്നത്. 66500 വയ്ൽ വാക്സീന് ഓർഡർ നൽകിയിട്ടുണ്ട്. ജൂലൈ ഒന്നിന് ഉൽപാദിപ്പിച്ച 02എആർ 22019ബാച്ചിൽ നിന്ന് 16,000 വയ്ൽ ആണ് ആദ്യ ഘട്ടമായി എത്തിച്ചത്. ഉൽപന്നത്തിന്റെ നിലവാരം സംബന്ധിച്ചു നിർമാതാക്കൾ തന്നെ 14 ദിവസം പരിശോധന നടത്തണമെന്നാണു ചട്ടം. 

അതിനു ശേഷം കേന്ദ്ര മരുന്നു പരിശോധനാ ലാബിലെ 30 ദിവസം നീളുന്ന പരിശോധനയും വേണം. എന്നാൽ നിർമാതാക്കളുടെ 7 ദിവസത്തെ പരിശോധന മാത്രം പൂർത്തിയാക്കിയ വാക്സീൻ എത്തിക്കാൻ ജനറൽ മാനേജർ അനുമതി നൽകുകയായിരുന്നു. ഇത് ‘മനോരമ’ പുറത്തു കൊണ്ടു വന്നതോടെയാണു തമിഴ്നാട്ടിൽ നിന്ന് 20000 വയ്ൽ കേരളം ആവശ്യപ്പെട്ടത്. ഇതിൽ 5000 വയ്‌ലാണു കഴിഞ്ഞയാഴ്ച എത്തിച്ചത്.

കമ്പനിയിൽ തന്നെ സൂക്ഷിച്ച സാംപിളുകളുടെ പരിശോധന 21നു പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് കെഎംഎസ്‌സിഎലിനു കൈമാറിയിട്ടുണ്ട്. അതേ തുടർന്നാണു 16000 വയ്ൽ വിതരണത്തിന് അനുമതി നൽകിയത്. അപ്പോഴും കേന്ദ്ര മരുന്നു പരിശോധനാ ലാബിന്റെ അന്തിമ പരിശോധനാ റിപ്പോർട്ട് സംബന്ധിച്ചു കെഎംഎസ്‌സിഎൽ മൗനം പാലിക്കുകയാണ്.

Content Highlight: Rabies Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com