ADVERTISEMENT

കൊച്ചി ∙ കളമശേരി ബസ് കത്തിക്കൽ കേസിലെ ഒന്നാം പ്രതി കണ്ണൂർ നീർച്ചാൽ ബെയ്‌തുൽ ഹിലാലിൽ തടിയന്റവിട നസീർ (46) അടക്കം 3 പ്രതികൾ വിചാരണ തുടങ്ങും മുൻപേ കുറ്റസമ്മതം നടത്തി. അഞ്ചാം പ്രതി പെരുമ്പാവൂർ പുതുക്കാടൻ സാബിർ ബുഹാരി (42), ഏഴാം പ്രതി വടക്കൻ പറവൂർ ചിറ്റാറ്റുകര കിഴക്കേതോപ്പിൽ താജുദീൻ (41) എന്നിവരാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി മുൻപാകെ കുറ്റസമ്മതം നടത്തിയത്. 

ഇവർ 3 പേർ അടക്കം കേസിലെ പല പ്രതികളും ബെംഗളൂരു സ്ഫോടന കേസിലും പ്രതികളാണ്. ബെംഗളൂരു കേസിൽ വിചാരണ നടക്കുന്നതിനാലാണു കളമശേരി കേസിൽ ഇതുവരെ വിചാരണ തുടങ്ങാൻ കഴിയാതിരുന്നത്.

രാജ്യദ്രോഹകുറ്റത്തിനു പുറമേ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ഗൂഢാലോചന, ആയുധ നിരോധന നിയമം തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർക്കുള്ള ശിക്ഷ വിചാരണക്കോടതി തിങ്കളാഴ്ച വിധിക്കും. കോയമ്പത്തൂർ ജയിലിലായിരുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ടാണു 2005 സെപ്‌റ്റംബർ ഒൻപതിനു രാത്രി 8.30നു കളമശേരിൽ തമിഴ്‌നാട് ബസ് തട്ടിയെടുത്തു കത്തിച്ചത്. ഇതിനുള്ള പ്രേരണയും ആഹ്വാനവും നൽകിയതു മഅദനിയുടെ ഭാര്യ സൂഫിയാ മഅദനിയും സുഹൃത്ത് മജീദ് പറമ്പായിയുമാണെന്നാണ് എൻഐഎ കുറ്റപത്രം പറയുന്നത്.

ഇവരടക്കം വിചാരണ നേരിടേണ്ടിയിരുന്ന 13 പ്രതികളിൽ 3 പേരാണു വിചാരണ തുടങ്ങാൻ കാത്തുനിൽക്കാതെ കുറ്റസമ്മതം നടത്തിയത്. ശേഷിക്കുന്ന 10 പ്രതികളുടെ വിസ്താരം നടക്കും. മറ്റൊരു പ്രതിയായ പറവൂർ വെടിമറ സ്വദേശി കെ.എ.അനൂബ് നേരത്തെ കുറ്റം സമ്മതിച്ചു ശിക്ഷ ഏറ്റുവാങ്ങിയിരുന്നു.

English Summary: Kalamassery bus burning case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com