ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വീണ്ടും കൂട്ടാനുള്ള നടപടികൾക്കാണു സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ എംഎൽഎമാർക്കു ശമ്പളം എന്ന പേരിൽ നൽകുന്നത് 2000 രൂപയാണ്. എന്നാൽ, മണ്ഡലം അലവൻസ് 25,000 രൂപ, ഫോൺ വാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4000 രൂപ, സൽക്കാരത്തിനും മറ്റും 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിവ ചേർക്കുമ്പോൾ മാസം 70,000 രൂപയാകും.

മന്ത്രിമാർക്ക് ആനുകൂല്യങ്ങളെല്ലാം ചേർത്താണ് 97,429 രൂപ. മറ്റ് അലവൻസുകൾ ഇല്ല. സ്റ്റേറ്റ് കാറിലെ യാത്രയ്ക്ക് തിരുവനന്തപുരത്തും ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും 17,000 രൂപയുടെ ഇന്ധനം ലഭിക്കും. മറ്റിടങ്ങളിൽ കിലോമീറ്ററിനു 15 രൂപ ബാറ്റയാണുള്ളത്. ഇപ്പോഴത്തെ ഇന്ധന വിലയും യാത്രയിൽ കൂടെയുള്ളവർക്കു ഭക്ഷണം വാങ്ങി നൽകുന്നതും മറ്റും ചേർത്താൽ ഈ തുക തികയുന്നില്ലെന്നാണു മന്ത്രിമാരുടെ പരിഭവം. ഇതിനു പുറമേ മണ്ഡലത്തിലെ കാര്യങ്ങളും നോക്കണം. കോവിഡ് കാലത്തെ സാലറി ചാലഞ്ചിന്റെ ഭാഗമായി മന്ത്രിമാരിൽനിന്ന് 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്കു പിടിക്കുന്നുണ്ട്.

എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങൾ

∙ റോഡ് യാത്ര (കേരളത്തിലും പുറത്തും) കിലോമീറ്ററിന് 10 രൂപ.

∙ ട്രെയിൻ യാത്ര: ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് ഒരു രൂപ.

∙ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ: വർഷം 3 ലക്ഷം രൂപ

∙ നിയമസഭാസമ്മേളനം ഉൾപ്പെടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിദിന അലവൻസ്: കേരളത്തിനകത്ത് 1000 രൂപ, പുറത്ത് 1200 രൂപ

∙ യോഗങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്രക്കൂലി: വർഷം 50,000 രൂപ.

∙ മെട്രോപ്പൊലിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം: 3500 രൂപ.

∙ ചികിത്സച്ചെലവ്: സർക്കാർ നൽകും.

∙ പലിശരഹിത വാഹന വായ്പ: 10 ലക്ഷം രൂപ വരെ.

∙ ഭവന വായ്പ അഡ്വാൻസ്: 20 ലക്ഷം

∙ പുസ്തകങ്ങൾ വാങ്ങാൻ വർഷം 15,000 

മന്ത്രിമാർക്കുള്ള ആനുകൂല്യങ്ങൾ

∙ പ്രതിമാസ അലവൻസ് - 2000 രൂപ.

∙ ഡിഎ - 38,429 രൂപ.

∙ മണ്ഡലം അലവൻസ് - 40,000 രൂപ.

∙ തിരുവനന്തപുരത്തും ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും സഞ്ചരിക്കാൻ - 17,000 രൂപയുടെ ഇന്ധനം.

∙ കേരളത്തിനകത്തും പുറത്തും റോഡ് യാത്രയ്ക്ക് - കിലോമീറ്ററിന് 15 രൂപ.

∙ കേരളത്തിനകത്തെ യാത്രകളിൽ താമസം - ദിവസം 1000 രൂപ

∙ ട്രെയിൻ യാത്ര– ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് ഒരു രൂപ.

∙ വിമാനയാത്ര– സംസ്ഥാനത്തിനകത്തും പുറത്തും സൗജന്യം.

∙ സർക്കാർ ബോട്ടുകൾ– സൗജന്യയാത്ര.

∙ ഔദ്യോഗികവസതി, ടെലിഫോൺ.

∙ പഴ്സനൽ സ്റ്റാഫിൽ 30 പേർ.

∙ സംസ്ഥാനത്തിനു പുറത്തുള്ള യാത്ര– ദിവസം 1500 രൂപ ബത്ത.

∙ ചികിത്സച്ചെലവ് – സർക്കാർ നൽകും.

English Summary: Ministers and MLAs salary and other benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com