ADVERTISEMENT

ന്യൂഡൽഹി ∙ 2021 ൽ ഏറ്റവുമധികം ഓർഡിനൻസുകൾ (144 എണ്ണം) കേരളമാണു പുറപ്പെടുവിച്ചതെന്ന് കേരള നിയമസഭാ, ഗസറ്റ് രേഖകളും വ്യക്തമാക്കുന്നു. ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ പഠനം സംബന്ധിച്ച് ‘മനോരമ’ ബുധനാഴ്ച നൽകിയ വാർത്ത വസ്തുതാവിരുദ്ധമാണെന്ന് നിയമമന്ത്രി പി.രാജീവ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം കേരളം പുറപ്പെടുവിച്ച 144 ഓർഡിനൻസുകളുടെ വിവരങ്ങൾ നിയമസഭയുടെ വെബ്സൈറ്റിലും ഗസറ്റിലുമുണ്ട്. ഈ വിവരങ്ങൾ ആധാരമാക്കിയാണ് പിആർഎസ് ‘സംസ്ഥാന നിയമങ്ങളുടെ വാർഷിക അവലോകനം’ എന്ന റിപ്പോർട്ട് തയാറാക്കിയത്. 144 ഓർഡിനൻസുകളുടെ ലിങ്ക് പിആർഎസ് റിപ്പോർട്ടിന്റെ അനുബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെങ്കിലും ഏറ്റവുമധികം ഓർഡിനൻസുകൾ പുറപ്പെടുവിച്ചതും കേരളം തന്നെയാണെന്നായിരുന്നു പിആർഎസ് കണ്ടെത്തൽ. 

മന്ത്രി പി.രാജീവിന്റെ വാദം:

കഴിഞ്ഞ വർഷം ഒരു സമയത്തും 144 ഓർഡിനൻസുകൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ആകെ 43 ഓർഡിനൻസുകൾ ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. അതിൽ 34 എണ്ണവും തൊട്ടടുത്ത നിയമസഭാ സമ്മേളനങ്ങളിൽ നിയമമാക്കി. നിയമ നിർമാണത്തിനു മാത്രമായി ഒക്ടോബർ-നവംബർ മാസങ്ങളിൽ സഭ ചേർന്നു. നിലവിൽ 11 ഓർഡിനൻസുകൾ മാത്രമാണു പ്രാബല്യത്തിൽ ഉള്ളത്. 

ലേഖകന്റെ വിശദീകരണം:

ഒരു നിശ്ചിത സമയത്ത് പ്രാബല്യത്തിലുള്ള ഓർഡിനൻസുകളുടെ എണ്ണമാണ് 144 എന്ന് പിആർഎസ് റിപ്പോർട്ടിലോ അതടിസ്ഥാനമാക്കിയ ‘മനോരമ’ വാർത്തയിലോ പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഓരോ സംസ്ഥാനവും ആകെ പുറപ്പെടുവിച്ച ഓർഡിനൻസുകളുടെ എണ്ണവും സമ്മേളനം നടന്ന ദിവസങ്ങളുടെ താരതമ്യവുമാണ് പിആർഎസ് റിപ്പോർട്ടിലുള്ളത്. പിആർഎസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് കേരള നിയമസഭാ വെബ്സൈറ്റിലെയും ഗസറ്റിലെയും ഓർഡിനൻസുകളുടെ പട്ടിക. 

പിആർഎസ് റിപ്പോർട്ടിന്റെ ലിങ്ക് (അനുബന്ധത്തിൽ 144 ഓർഡിനൻസുകളുടെയും പട്ടിക): bit.ly/prsreport 

നിയമസഭാ വെബ്സൈറ്റിൽ ഓർഡിനൻസുകളുടെ പട്ടിക (4 ഓർഡിനൻസുകൾ ഇതിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല): bit.ly/keralaord 

∙ ‘ഞങ്ങളുടെ കണക്ക് കൃത്യമാണ്. കേരളം 144 ഓർഡിനൻസുകൾ കഴിഞ്ഞ വർഷം കൊണ്ടുവന്നു. ഇതിൽ പലതും പിന്നീട് നിയമസഭാ സമ്മേളനങ്ങളിൽ ബില്ലായി കൊണ്ടുവന്നു പാസാക്കി. എന്നു കരുതി ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായിട്ടാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ തർക്കമില്ല.’ – എം.ആർ.മാധവൻ (പ്രസിഡന്റ്, പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്) 

English Summary: PRS Research on Ordinance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com