ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാനത്ത് മഴവെള്ള സംഭരണം തുടർന്നും പ്രോത്സാഹിപ്പിക്കാൻ 14–ാം പഞ്ചവത്സര പദ്ധതിയിൽ സർക്കാർ ധനസഹായം ഉയർത്തി. പഞ്ചായത്ത് മുതൽ കോർപറേഷൻ വരെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് 14–ാം പദ്ധതിപ്രകാരം പ്രോജക്ടുകളും വാർഷിക പദ്ധതിയും തയാറാക്കുമ്പോൾ സബ്സിഡി വിഭാഗത്തിൽ ഇത് ഉൾപ്പെടുത്താം.

പുരപ്പുറത്തു വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്ക് ഇറക്കുന്ന റീചാർജിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള ധനസഹായം 15,000 രൂപ വരെയായി ഉയർത്തി. ഓടിട്ട ചരിഞ്ഞ മേൽക്കൂരയ്ക്കാണ് ഇത്രയും തുക ലഭിക്കുക. പരന്ന മേൽക്കൂരയ്ക്ക് 12,000 രൂപ വരെയും നൽകാനാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നിലവിൽ 8000 മുതൽ 8600 രൂപ വരെയാണ് സബ്സിഡി നൽകിയിരുന്നത്. 

കിണർ റീചാർജിങ് ഉള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല. റീ ചാർജിങ് ഏർപ്പെടുത്തിയിരിക്കുന്ന വീടുകൾക്കും മറ്റും അരിപ്പ സംവിധാനം (ഫിൽറ്റർ യൂണിറ്റ്) മാറ്റുന്നതിന് ഓരോ വർഷവും 1500 രൂപ വീതം നൽകാനും അനുമതിയുണ്ട്.

മണ്ണൊലിപ്പ് തടയുന്നതിന് ഫലവൃക്ഷത്തൈകൾക്കു പുറമേ രാമച്ചം, മുള, തഴക്കൈത തുടങ്ങിയവയുടെ തൈകളും നൽകാമെന്നും ഉത്തരവിൽ പറയുന്നു. 1000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ മഴവെള്ള സംഭരണി വേണമെന്ന ഉത്തരവ് സംസ്ഥാനത്ത് നേരത്തെ തന്നെ നിലവിലുണ്ട്.

കൃഷി, മത്സ്യബന്ധനം, പൂക്കൃഷി, തുള്ളിനന, തേനീച്ചവളർത്തൽ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങി മിക്ക മേഖലകളിലും എത്ര വരെ സബ്സിഡി അനുവദിക്കാമെന്നതു സംബന്ധിച്ച് 123 പേജുള്ള ഉത്തരവിൽ വിവരിക്കുന്നുണ്ട്.

Content Highlight: Roof top water storage plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com