ADVERTISEMENT

തൃശൂർ ∙ തകർന്നുവീഴാറായ വീടിന്റെ വരാന്തയിലിറങ്ങിനിന്ന് ഇടത്തോട്ടും വലത്തോട്ടും നോക്കിയാൽ സുനിതയുടെ ജീവിതമായി. വലത്തേ വാതിൽ തുറന്നാൽ കട്ടിലിൽ ഒരു പഴന്തുണി പോലെ അച്ഛൻ വാസു (92). ഇടത്ത് ജനൽപ്പാളിയിലൂടെ കാണാം, മസ്തിഷ്കാഘാതം വന്നു തളർന്നുകിടക്കുന്ന അമ്മ ലക്ഷ്മിയെ (83). ചികിത്സിക്കാനുള്ള പണം സുനിത പല വീടുകളിൽ പാത്രം കഴുകിയും തറ തുടച്ചും സ്വരുക്കൂട്ടി വച്ചിരുന്നു; ഒന്നരലക്ഷം രൂപ. എന്നാലത് ‘കരുവന്നൂർ കൊള്ളക്കാരുടെ’ കയ്യിൽ അകപ്പെട്ടിരിക്കുന്നു. ചെറിയ തുകയെന്നു കരുതല്ലേ, ആയുസ്സു മുഴുവൻ അടുക്കളപ്പണി ചെയ്തു കിട്ടിയ ചില്ലിക്കാശ് സുനിതയ്ക്കു (57) വലിയ തുകയാണ്. 

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിനു സമീപമാണ് സുനിതയുടെ വീട് കണ്ടത്. അമ്മ അകത്തുണ്ടെന്നു പറഞ്ഞു ജനാല തുറന്നപ്പോൾ ഒരു പാളി പാതിയോളം അടർന്നു താഴെവീണു. ഒരാളുടെ സഹായത്തോടെ ജനാലക്കയ്ക്കപ്പുറം അമ്മയെ എഴുന്നേൽപിച്ചിരുത്തി. മകളുടെ നിസ്സഹായത കണ്ടുതളർന്ന അമ്മ മുഖം. 

ജീവിതസമ്പാദ്യം ഇടതു സമിതി ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ നഷ്ടമായെന്നറിഞ്ഞ് അങ്കലാപ്പോടെയാണു സുനിത ബാങ്കിലേക്ക് ഓടിയത്. മണിക്കൂറുകൾ ക്യൂ നിന്നപ്പോൾ കിട്ടിയത് 2000 രൂപ. 

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അച്ഛനെ ചൂണ്ടി സുനിത പറഞ്ഞു: ‘‘പാവം അച്ഛൻ പശുവിനെ വളർത്തിയുണ്ടാക്കിയ ഒരു ലക്ഷം രൂപയും അവരുടെ കയ്യിലാണ്. കിട്ടുമോ ? ആർക്കറിയാം.’’ എല്ലാം കേട്ടു വാസു കിടക്കുന്നു. 5 പെൺമക്കളാണ് വാസുവിനും ലക്ഷ്മിക്കും. മകൻ മരിച്ചു. അവിവാഹിതയായ സുനിതയാണ് ഇപ്പോൾ തുണ. 

English Summary: Karuvannoor bank yet to give Sunitha the amount she deposited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com