ADVERTISEMENT

തിരുവനന്തപുരം ∙ യൂണിറ്റിന് 4.15 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ ഒഴിവാക്കാൻ വൈദ്യുതി ബോർഡ് ക്ഷണിച്ച ടെൻഡറിൽ ലഭിച്ചത് 6.24 രൂപ മുതൽ 14 രൂപ വരെ വിലയ്ക്കു വൈദ്യുതി നൽകാമെന്ന വാഗ്ദാനം.‌ 

വൈദ്യുതിനിരക്ക് വർധിപ്പിച്ച് ജൂൺ 25നു റഗുലേറ്ററി കമ്മിഷൻ ഇറക്കിയ ഉത്തരവിൽ ദീർഘകാല കരാർ അനുസരിച്ച് 465 മെഗാവാട്ട് വാങ്ങാൻ 2016 മുതൽ നൽകിയിരുന്ന താൽക്കാലിക അനുമതി റദ്ദാക്കിയിരുന്നു. 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും വാങ്ങാനുള്ളതായിരുന്നു കരാർ. കഴിഞ്ഞ ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ആണ് അനുമതി റദ്ദാക്കിയത്. പകരം 4 രൂപയ്ക്കു വൈദ്യുതി ലഭിക്കുമെന്നു കണക്കാക്കിയാണ് കമ്മിഷൻ വരവുചെലവു കണക്ക് അംഗീകരിച്ചത്. 

അനുമതി റദ്ദാക്കിയ കരാറുകൾക്കു പകരം പുതിയ ദീർഘകാല കരാർ ഒപ്പുവയ്ക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ അടിയന്തരമായി വേണ്ട വൈദ്യുതിക്കായി ജൂലൈ 5ന് ആണ് ടെൻഡർ വിളിച്ചത്. അടുത്ത മാസം മുതൽ 2023 മേയ് വരെയുള്ള കാലയളവിലേക്കാണു ടെൻഡർ. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ 250 മെഗാവാട്ടും നവംബർ മുതൽ 2023 ജനുവരി വരെ 350 മെഗാവാട്ടും ഫെബ്രുവരി മുതൽ മേയ് വരെ 500 മെഗാവാട്ടും ആണ് ആവശ്യപ്പെട്ടത്. 

എന്നാൽ ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 200 മെഗാവാട്ടിനും നവംബർ, ഡിസംബർ മാസങ്ങളിൽ 300 മെഗാവാട്ടിനും മാത്രമേ ടെൻഡർ ലഭിച്ചുള്ളൂ. അവർ ആവശ്യപ്പെട്ട നിരക്ക് 6.24 മുതൽ 14 രൂപ വരെയാണ്. ഓഗസ്റ്റിലേക്ക് 100 മെഗാവാട്ട് മാത്രമാണ് 6.24 രൂപ നിരക്കിൽ ലഭിച്ചത്. ഓഗസ്റ്റിൽ രണ്ടാമതായി ലഭിച്ച നിരക്ക് 14 രൂപയാണ്. തുടർന്നുള്ള മാസങ്ങളിലെ കുറഞ്ഞ നിരക്ക് യഥാക്രമം 7.8 രൂപ (സെപ്റ്റംബർ), 8.06 (ഒക്ടോബർ), 7.27 (നവംബർ, ഡിസംബർ), 7.8 (ജനുവരി, ഫെബ്രുവരി), 8.03 (മാർച്ച്), 7.95 (ഏപ്രിൽ, മേയ്) എന്നിങ്ങനെയാണ്. 

ഇതേ കാലയളവിലേക്കു മറ്റു സംസ്ഥാനങ്ങൾ ക്ഷണിച്ച ടെൻഡറിലും സമാന നിരക്കാണു ലഭിച്ചത്. പവർ എക്സ്ചേഞ്ചിലും ഉയർന്ന നിരക്ക് തുടരുകയാണ്. വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതോടെ നിരക്ക് ഇനിയും കൂടാം. ഇപ്പോൾ വിളിച്ച ടെൻഡർ ഉറപ്പിച്ചാൽ 10 മാസം കൊണ്ട് 900 കോടിയുടെ അധികച്ചെലവ് ഉണ്ടാകും. 

ദീർഘകാല കരാറുകളുടെ താൽക്കാലിക അനുമതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയെങ്കിലും അത് അനുസരിച്ചുള്ള വൈദ്യുതി ഇപ്പോഴും ബോർഡ് വാങ്ങുന്നുണ്ട്. മഴ ശക്തമായതിനാൽ കേരളത്തിൽ വൈദ്യുതി ഉപയോഗം കുറയുമ്പോൾ ഈ വൈദ്യുതി 12 രൂപ വരെ വിലയ്ക്ക് പവർ എക്സ്ചേഞ്ചിലൂടെ വിറ്റ് ലാഭമുണ്ടാക്കുന്നു. 

English Summary: KSEB tender seeing profit turns to result in big loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com