ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസം തികയുമ്പോൾ കരാർ ഒപ്പിട്ട പല ആശുപത്രികളും നിസ്സഹകരണത്തിലേക്ക്. ചില ആശുപത്രികൾ കരാർ പ്രകാരമുള്ള എല്ലാ ചികിത്സകളും നൽകുന്നതുമില്ല. കർശന നിലപാടെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുന്നതിനാൽ ദുരിതത്തിലാകുന്നതു ചികിത്സ തേടുന്നവരാണ്. ജീവനക്കാരും പെൻഷൻകാരും കുടുംബാംഗങ്ങളുമായി 30 ലക്ഷത്തിലേറെപ്പേരാണു പദ്ധതിക്കു കീഴിലുള്ളത്.

പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയെടുക്കാൻ കഴിയുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം സർക്കാർ പൂർണമായി നടപ്പാക്കിയിട്ടില്ല. കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണു നിസ്സഹകരണം കൂടുതലുള്ളത്. ഭാഗികമായി മാത്രം ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ എല്ലാ ജില്ലകളിലുമുണ്ട്. തിരുവനന്തപുരത്ത് ആദ്യം കരാർ ഒപ്പിട്ട 2 പ്രമുഖ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ മെഡിസെപ് അംഗീകരിക്കുന്നില്ല.

രോഗികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ

∙ എംപാനൽ ചെയ്ത ആശുപത്രികളിലെത്തുമ്പോൾ മെഡിസെപ് പരിരക്ഷയില്ലെന്ന മറുപടി.

∙ മുഴുവൻ തുകയും അനുവദിക്കില്ലെന്നും 30 % തുക രോഗി അടയ്ക്കണമെന്നുമുള്ള നിർദേശം.

∙ കരാർപ്രകാരം ചികിത്സ നൽകേണ്ട ചില രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാകില്ലെന്ന മറുപടി.

∙ തിമിര, ലേസർ ശസ്ത്രക്രിയകൾക്കു മാത്രമേ ഇൻഷുറൻസ് പരിരക്ഷ നൽകൂവെന്നു ചില കണ്ണാശുപത്രികൾ.

∙ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപും ശേഷവുമുള്ള ചികിത്സകൾക്കു പരിരക്ഷ നൽകുന്നില്ല.

∙ പരാതി അറിയിക്കാനുള്ള 1800 425 1857, 1800 425 0237 എന്നീ ടോൾഫ്രീ നമ്പറുകളിൽ‌ വിളിച്ചാൽ‌ പലപ്പോഴും കിട്ടുന്നില്ല.

 

20 ആശുപത്രികൾ‌കൂടി വരുമെന്ന് സർക്കാർ

ഇപ്പോഴുള്ളത് തുടക്കത്തിലെ പ്രശ്നങ്ങൾ മാത്രമാണെന്നാണു സർക്കാരിന്റെ വിശദീകരണം. ഇരുപതോളം ആശുപത്രികൾ‌ കൂടി അടുത്ത മാസം മുതൽ പദ്ധതിയുടെ ഭാഗമാകും. കൂടുതൽ‌ ആശുപത്രികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ടോൾ ഫ്രീ നമ്പറുകളിൽ ഒരേ സമയം ഒട്ടേറെ കോളുകൾ എത്തുന്നതിനാലാണു തടസ്സമുണ്ടാകുന്നത്. കൂടുതൽ‌ പേരെ നിയമിച്ചും ലൈനിന്റെ ശേഷി കൂട്ടിയും പ്രശ്നം പരിഹരിക്കും. ആശുപത്രികളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ജീവനക്കാർക്കു പരിശീലനം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും നൽകുമെന്നും പറയുന്നു.

2 കാലൊടിഞ്ഞാൽ ഇൻഷുറൻസ് ഒരു കാലിനോ 

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഫോണിൽ വിളിച്ചയാളോടു പറഞ്ഞത് കേൾക്കുക

ചോദ്യം: മെഡിസെപ്പിനു കീഴിൽ സർജറി ചെയ്താൽ മുഴുവൻ തുകയും കിട്ടില്ലേ? 

മറുപടി: കിട്ടും. കൂടുതൽ പ്രൊസീജ്യർ ഉണ്ടെങ്കിൽ പണം അടയ്ക്കേണ്ടി വരും. രണ്ടു സർജറി ചെയ്യുന്നെങ്കിൽ ആദ്യത്തെ സർജറിക്കു മുഴുവൻ തുകയും പാസാക്കിത്തരും. രണ്ടാമത്തെ സർജറിയുടെ ചെലവിന്റെ പകുതിയേ പാസാക്കൂ. 

ചോദ്യം: അപകടത്തിൽപ്പെട്ട് ഒരാൾ രണ്ടു കാലോടിഞ്ഞു വന്നാലോ?

ഉത്തരം: ഒരു കാലിന്റെ സർജറിക്കേ മുഴുവൻ ക്ലെയിമും കിട്ടൂ. ബാക്കി 50%, 25% ഒക്കെയേ കിട്ടൂ. 

ചോദ്യം: അതെന്താ അങ്ങനെ? 

ഉത്തരം: അങ്ങനെയാണ് മെഡിസെപ്പിന്റെ റൂൾസ്. 

English Summary: Medisep insurance crisis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com