ADVERTISEMENT

കൊച്ചി ∙ ഏകീകൃത കുർബാനക്രമം ഏതാനും ദിവസങ്ങൾക്കകം എറണാകുളം–അങ്കമാലി അതിരൂപതയിൽ നടപ്പാക്കുമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

‘സഭയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമാണു മാർ ആന്റണി കരിയിലിനെതിരായ നടപടി. ഒറ്റനിമിഷം കൊണ്ടു തീർക്കാവുന്ന പ്രശ്നങ്ങളല്ല. പക്ഷേ പരിഹാരമുണ്ടാകും. വത്തിക്കാനും സിനഡിനും വിശ്വാസികൾക്കും അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിൽ വിശ്വാസമുണ്ട്’– കർദിനാൾ പറഞ്ഞു.

പുതിയ ഭരണസംവിധാനവുമായി സഹകരിക്കണമെന്ന് സർക്കുലർ

കൊച്ചി ∙ ഫ്രാൻസിസ് മാർപാപ്പ എറണാകുളം–അങ്കമാലി അതിരൂപതയിൽ ഏർപ്പെടുത്തിയ പുതിയ ഭരണസംവിധാനം ദൈവഹിതമായി സ്വീകരിച്ചു സഹകരിക്കണമെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ.

കൂട്ടായ്മയും ഐക്യവും നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നതാണു സർക്കുലർ. വൈദികരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും പ്രാർഥനയും സഹകരണവുമില്ലാതെ പുതിയ ഉത്തരവാദിത്തം നിർവഹിക്കുക സാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു. പരിശുദ്ധ പിതാവിന്റെ നിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും സർക്കുലറിലുണ്ട്. ആർച്ച്ബിഷപ് ആന്റണി കരിയിലിന് അതിരൂപതയുടെ കടപ്പാടും നന്ദിയും രേഖപ്പെടുത്തി.

സർക്കുലർ തള്ളിക്കളഞ്ഞതായി അൽമായ മുന്നേറ്റം

കൊച്ചി ∙ മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ എറണാകുളം–അങ്കമാലി അതിരൂപത തള്ളിക്കള‍ഞ്ഞതായി അൽമായ മുന്നേറ്റം ഭാരവാഹികൾ. വൈദികർ കുർബാനയ്ക്കിടെ സർക്കുലർ വായിച്ചില്ലെന്നും അവർ അവകാശപ്പെട്ടു. ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി അൽമായ മുന്നേറ്റം വിശ്വാസ സംരക്ഷണ സംഗമം 7ന് കലൂർ സ്റ്റേഡിയത്തിൽ നടത്തുമെന്നും പറഞ്ഞു.

ഏകീകൃത കുർബാന നടന്നില്ലെന്ന് സംരക്ഷണ സമിതി

കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപതയിലെ വൈദികർ നേരിൽക്കണ്ടു സംസാരിച്ചതിന്റെ ഫലമായി ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ ഇന്നലെ ഏകീകൃത കുർബാന അർപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് പിന്മാറിയെന്ന് അതിരൂപത സംരക്ഷണ സമിതി നേതാക്കൾ.

ബസിലിക്കയിൽ ഇന്നലെ രാവിലെ 6 മണിക്കുള്ള കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ശനി രാത്രിതന്നെ അഡ്മിനിസ്ട്രേറ്ററെ നേരിൽക്കണ്ട വൈദികർ ഈ രൂപതയിലെ പൊതുനിലപാട് ജനാഭിമുഖ കുർബാനയ്ക്ക് അനുകൂലമാണെന്നു ധരിപ്പിച്ചതായി സംരക്ഷണ സമിതി ഭാരവാഹിയായ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. 

ഏകീകൃത കുർബാനയെന്ന തീരുമാനം ഉപേക്ഷിച്ചതായി പിന്നീട് കൂരിയയെ അറിയിച്ചെന്നും ഫാ. തളിയൻ പറഞ്ഞു.

English Summary: Uniform mass Syro Malabar Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com