ADVERTISEMENT

മണ്ണടി (പത്തനംതിട്ട) ∙ സ്വന്തം വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയ കുടുംബം പ്രിയപ്പെട്ടവരായി മാറിയപ്പോൾ വീടും സ്ഥലവും ഇഷ്ടദാനം നൽകി സ്നേഹമാതൃകയായി ചന്ദ്രമതിയമ്മ. 14 വർഷം കൂടപ്പിറപ്പുപോലെ സ്വന്തം വീട്ടിൽ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകൾ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നൽകിയത്.

എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് 4 മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കിയിരുന്നു. എന്നാൽ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സിൽ നൊമ്പരമായി. വാടകയ്ക്കെത്തിയ കുടുംബം ഇതിനോടകം തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടർന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി.

4 വർഷം മുൻപ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു മുന്നിൽ ചോദ്യചിഹ്നമായപ്പോൾ ആശ്വാസ കരങ്ങൾ നീട്ടിയത് ചന്ദ്രമതിയമ്മയാണ്. വാർധക്യ കാലത്ത് ഒരു കുടുംബം ഭാരമാകില്ലേ എന്ന് ഉയർന്ന ചോദ്യങ്ങൾ തള്ളിയ ചന്ദ്രമതിയമ്മ സരസ്വതി അമ്മാളിനെയും മകൾ പൊന്നുവിനെയും നെഞ്ചോടു ചേർത്തു. ഇക്കാലമത്രയും ചന്ദ്രമതിയമ്മ പൊന്നുവിനു കരുതലായി മാറി. നീണ്ട കാലം സ്നേഹത്തോടെ കഴിഞ്ഞു വന്ന പൊന്നുവും കുടുംബവും പെരുവഴിയിലാകാൻ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സ്വന്തം വീടും ഏഴു സെന്റ് സ്ഥലവും പൊന്നുവിന് ഇഷ്ടദാനമായി നൽകിയതെന്ന് ചന്ദ്രമതിയമ്മ പറഞ്ഞു. പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുന്ന പൊന്നുവിന്റെ തുടർ പഠനവും ചന്ദ്രമതിയമ്മയുടെ മനസ്സിൽ ആഗ്രഹമായി നിൽക്കുന്നു.

English summary: House owner donate home to renter in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com