ADVERTISEMENT

മണ്ണാർക്കാട് (പാലക്കാട്) ∙ അട്ടപ്പാടി മധു വധക്കേസിൽ 10 സാക്ഷികൾ കൂറുമാറി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യനാണ് ഇന്നലെ കൂറുമാറിയത്. പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി ഇതുവരെ മൊഴി നൽകിയത്. മറ്റൊരാൾ ഇൻക്വസ്റ്റ് സാക്ഷിയാണ്.  

വനംവകുപ്പിന്റെ പൊട്ടിക്കല്ലിലെ മരക്കൂപ്പിൽ തടികയറ്റാൻ പോകുന്നയാളാണു മരുതൻ. കാട്ടിൽ മധുവിനെ കണ്ടെന്നു വനംവകുപ്പ് വാച്ചറായിരുന്ന കാളിമൂപ്പൻ പ്രതിപ്പട്ടികയിലുള്ള മരയ്ക്കാറിനോടു പറയുന്നതു കേട്ടുവെന്നു പൊലീസിനു മൊഴി നൽകിയ ആളാണ് മരുതൻ. സംഭവദിവസമായ 2018 ഫെബ്രുവരി 22നു വനംവകുപ്പിന്റെ തേക്ക് കൂപ്പിൽ മരം കയറ്റുന്ന ജോലി ഇല്ലാത്തതിനാൽ കാളിമൂപ്പനും മരുതനും ക്രെയ്ൻ ഡ്രൈവർമാരും ചേർന്നു വനം കാണാൻ പോയെന്നും അവിടെ ആണ്ടിഅള എന്ന സ്ഥലത്തെത്തിയപ്പോൾ പാറപ്പുറത്തിരുന്ന ഒരാൾ ഇറങ്ങിപ്പോകുന്നതു കാളിമൂപ്പൻ കണ്ടുവെന്നും ഗുഹയിൽ അലുമിനിയം പാത്രങ്ങളും മസാലപ്പൊടികളും ഉൾപ്പെടെ കണ്ടുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. തിരികെ വണ്ടിക്കടവിലെത്തിയപ്പോൾ ലോറി ഡ്രൈവറായ പ്രതി മരയ്ക്കാറിനോട് മധു അജുമുടി എന്ന സ്ഥലത്തുണ്ടെന്നു കാളിമൂപ്പൻ പറയുന്നതു കേട്ടുവെന്നും മരുതൻ മൊഴി നൽകിയെന്നാണു പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 

എന്നാൽ, കാട് കാണാൻ പോയെന്നും ഗുഹയും അതിനുള്ളിലെ സാധനങ്ങളും കണ്ടില്ലെന്നും മധുവിനെ കണ്ടെന്നു കാളിമൂപ്പൻ പറഞ്ഞെന്ന കാര്യം അറിയില്ലെന്നും മരുതൻ ഇന്നലെ കോടതിയിൽ പറഞ്ഞു. തുടർന്നാണു കൂറു മാറിയതായി പ്രഖ്യാപിച്ചത്. പ്രതിഭാഗം അഭിഭാഷകൻ മരുതനെ വിസ്തരിച്ചില്ല. ബുധനാഴ്ച 21, 22 സാക്ഷികളെ വിസ്തരിക്കും.

English Summary: Madhu murder case: Another witness turns hostile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com