ADVERTISEMENT

ന്യൂഡൽഹി ∙ വന്യജീവി സങ്കേതങ്ങൾ, ദേശീയപാർക്കുകൾ എന്നിവയുടെ ബഫർസോൺ സംബന്ധിച്ച ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ലോക്സഭയിൽ വ്യക്തമാക്കിയതാണിത്. ഉത്തരവിലെ 44(എ), 44(ഇ) എന്നീ ഖണ്ഡികകൾ സംബന്ധിച്ചാണ് വിശദീകരണം തേടുന്നതെന്ന് വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. കേരളത്തിലടക്കം ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനും കൊണ്ടുപോകുന്നതിനും തടസ്സമുണ്ടാകില്ലെന്നും ഭൂപേന്ദർ യാദവ് വ്യക്തമാക്കി. 

വന്യജീവി സങ്കേതങ്ങളുടെയും ദേശീയപാർക്കുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങളടക്കം പരിസ്ഥിതി ലോലമേഖലയിൽ നിരോധിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികൾ തടയുന്നതാണ് 44(എ) ഖണ്ഡിക. നേരത്തേ ഇതിൽ ഉൾപ്പെടാതിരുന്ന വന്യജീവി സങ്കേതങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുടെ പരിസ്ഥിതിലോല പ്രദേശത്ത് ആരംഭിച്ച പ്രവൃത്തികൾ പ്രത്യേക അനുമതിയോടെ നടത്താൻ നിർദേശിക്കുന്നതാണ് 44(ഇ). കേന്ദ്രസർക്കാർ കോടതിയിൽ പോകുന്നതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലും കൂടുതൽ വിശദീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള അംഗങ്ങളെല്ലാം പരിസ്ഥിതിലോല മേഖല സംബന്ധിച്ച ആശങ്കകൾ വ്യക്തമാക്കിയിരുന്നു. വന്യമൃഗങ്ങൾ കൃഷിക്കാർക്കുണ്ടാക്കുന്ന നാശങ്ങളും എംപിമാർ ഉന്നയിച്ചു. 

ക്ഷുദ്രജീവികളുടെ പട്ടികയിൽ കാട്ടുപന്നിയെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് അതതു സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് യുക്തമായ തീരുമാനമെടുക്കാൻ നേരത്തേ അനുവാദം നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ അതുപ്രകാരം പത്തിലേറെ കേസുകളിൽ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നിയെ കൊന്നൊടുക്കുന്നത് ഉണ്ടാക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

നിയമ ഭേദഗതിപ്രകാരം, കൊണ്ടുപോകുന്നതിന് പ്രത്യേക പെർമിറ്റെടുക്കേണ്ട പട്ടികയിൽ ആനയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും കൈവശമുള്ള ആനകൾക്ക് ബാധകമാവില്ലെന്ന് മന്ത്രി പറഞ്ഞു. 

വന്യജീവി സംരക്ഷണം സംബന്ധിച്ച ആഗോള ഉടമ്പടിക്ക് അനുസൃതമായി ഇന്ത്യയിൽ സംരക്ഷിത വന്യജീവികളുടെ പട്ടികയിലുള്ള മൃഗങ്ങൾ, ഇഴജന്തുക്കൾ, ജലജീവികൾ, പ്രാണികൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുടെ എണ്ണം വർധിപ്പിക്കുകയും അവയുടെ സംരക്ഷണം ഉറപ്പാക്കാൻ സംവിധാനമുണ്ടാക്കുകയും (മാനേജ്മെന്റ് അതോറിറ്റി) ചെയ്യുന്നതാണ് പ്രധാന ഭേദഗതി. കേന്ദ്രസർക്കാർ നിയോഗിക്കുന്ന അഡീഷനൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പെർമിറ്റോടെ മാത്രമേ പട്ടികയിലുൾപ്പെട്ടവയുടെ വ്യാപാരം, ഇറക്കുമതി, വളർത്തൽ തുടങ്ങിയവ അനുവദിക്കൂ. മാനേജ്മെന്റ് അതോറിറ്റിക്കു സാങ്കേതിക സഹായത്തിന് ശാസ്ത്രീയ സമിതിയുമുണ്ടാകും. മന്ത്രിയുടെ മറുപടിക്കു ശേഷം ശബ്ദവോട്ടോടെ സഭ ബിൽ പാസ്സാക്കി. പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി. 

English Summary: Government of India to approach supreme court regarding bufferzone issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com