ADVERTISEMENT

കൊച്ചി ∙ പണം നൽകുന്നതിനു ന്യായമായ മുൻഗണനാക്രമം തീരുമാനിക്കുന്നതുവരെ സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു നിക്ഷേപത്തുക മടക്കി നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഏറ്റവും അത്യാവശ്യമുള്ള കേസുകളിൽ പണം നൽകാമെന്നും എന്നാൽ ഇക്കാര്യം ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ജസ്റ്റിസ് ടി.ആർ.രവി നിർദേശിച്ചു. പ്രത്യേക മാനദണ്ഡമില്ലാതെയാണു തുക തിരിച്ച് നൽകുന്നതെന്നു വിലയിരുത്തിയ ഹൈക്കോടതി പ്രതിസന്ധി പരിഹരിക്കാനായി വായ്പ എടുക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതു വേഗത്തിലാക്കണമെന്നും ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണമെന്നും നിർദേശിച്ചു. പണം തിരികെ നൽകാൻ വ്യക്തമായ സ്കീം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

നിക്ഷേപം തിരികെ നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാനായി ഹർജി 10ലേക്കു മാറ്റി. പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നു സ്വത്ത് ഈടുവച്ച് വായ്പയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നു സ്പെഷൽ ഗവൺമെന്റ് പ്ലീഡർ പി.പി. താജുദ്ദീൻ വിശദീകരിച്ചു.

ഇക്കാര്യത്തിൽ വിശദാംശങ്ങൾ അറിയിക്കാൻ രണ്ടാഴ്ച സമയവും തേടിയിരുന്നു. ബാങ്കിന്റെ പക്കൽ 60 ലക്ഷം രൂപ മാത്രമാണുള്ളതെന്നു ബാങ്കിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജൂലൈ 31ലെ കണക്കുപ്രകാരം 285 കോടി രൂപയാണ് സ്ഥിര നിക്ഷേപം. ഇതിൽ 142.7 കോടി രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയായി. അതേസമയം, വായ്പയായി നൽകിയിട്ടുള്ളത് 368.01 കോടി രൂപയാണ്. പലിശയിനത്തിൽ 110.26 കോടി രൂപയും കിട്ടാനുണ്ട്. അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം 42.76 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. 

English Summary: Kerala Highcourt on Karuvannur bank issue

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com