ADVERTISEMENT

തിരുവനന്തപുരം ∙ സാമൂഹിക ക്ഷേമ പെൻഷനായി അനുവദിച്ച തുക 10 ദിവസത്തിനകം വിനിയോഗിച്ചില്ലെങ്കിൽ തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ പലിശ ഈടാക്കുമെന്നും പഞ്ചായത്തു വകുപ്പിന് ധനവകുപ്പിന്റെ നിർദേശം. സഹകരണ ബാങ്കുകളിൽനിന്നാകും പലിശ ഈടാക്കുക.

മുൻ മാസത്തെ തുകയുടെ തിരിച്ചടവ് പൂ‍ർത്തിയായാലേ അടുത്ത മാസത്തേക്കു ഫണ്ട് നൽകൂ. കാലതാമസം അനുസരിച്ച് പ്രതിവർഷം 7.5% പലിശ ഈടാക്കി ബന്ധപ്പെട്ട സഹകരണ ബാങ്കിന്റെ അടുത്ത ഗഡു ഇൻസെന്റീവിൽനിന്നു കിഴിവു ചെയ്യും. ഒരു ദിവസത്തെ കാലതാമസം ഉണ്ടായാലും ഒരു മാസത്തെ പലിശ ഈടാക്കും. പെൻഷൻ വീട്ടിൽ എത്തിക്കാൻ ഏജന്റുമാരെ ഉപയോഗിക്കാനും വിതരണച്ചെലവുകൾക്കുമാണ് സഹകരണ ബാങ്കുകൾക്ക് ഇൻസെന്റീവ് അനുവദിക്കുന്നത്.

സർക്കാർ സഹായം ഉപയോഗിച്ചു പെൻഷൻ വിതരണം നടത്തുന്ന ക്ഷേമനിധി ബോർഡുകളും നിശ്ചിത തീയതിക്കകം വിതരണം ചെയ്യാത്ത പെ‍ൻഷൻ തുക തിരിച്ചടയ്ക്കണം. മുൻ മാസത്തെ തുക വിനിയോഗിച്ചതിന്റെ സാക്ഷ്യപത്രവും നൽകണം. ഇക്കാര്യങ്ങൾ എല്ലാ മാസവും 20ന് അകം അറിയിക്കാൻ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് കമ്പനിയെ ചുമതലപ്പെടുത്തി. പെൻഷന് ആവശ്യമായ പണം കമ്പനിയുടെ അക്കൗണ്ടിൽനിന്നു പഞ്ചായത്ത് ഡയറക്ടറുടെ ട്രഷറി അക്കൗണ്ടിലേക്കും സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കും ആണ് കൈമാറ്റം ചെയ്യുന്നത്.

തുക വിനിയോഗിക്കുന്നതും തിരിച്ചടയ്ക്കുന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ ഇൻഫർമേഷൻ കേരള മിഷൻ ശേഖരിച്ചു നൽകും. മരിച്ച ഗുണഭോക്താക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന നടപടി പൂർത്തിയാക്കാൻ പഞ്ചായത്ത് ഡയറക്ടറെയും ചുമതലപ്പെടുത്തി.

Content Highlight: Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com