ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയും മന്ത്രിമാരെ അറിയിക്കാതെയും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ പ്രതിഷേധം അറിയിച്ച സിപിഐ മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായി. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി ജി.ആർ.അനിൽ മന്ത്രിസഭായോഗത്തിൽ പ്രതിഷേധം അറിയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘അതൃപ്തിയുണ്ടെങ്കിൽ മന്ത്രിസഭയിൽ പറയുകയോ കത്തെഴുതുകയോ ചെയ്യാം. കത്തെഴുതിയ ശേഷം സകല മാധ്യമങ്ങൾക്കും കൊടുത്തു വാർത്തയാക്കിയിട്ട് ഇവിടെ ഉന്നയിക്കുന്നത് എന്തിനാണ്?’ പരാതി വാർത്ത ആയതിന്റെ ഉത്തരവാദിത്തം വകുപ്പ് മന്ത്രിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കുന്നയാളാണ് ചീഫ് സെക്രട്ടറി എന്നു കൂടി അദ്ദേഹം പറഞ്ഞതോടെ വിഷയം അവസാനിച്ചു.

വിവാദത്തിൽപെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ നിയമിക്കുന്നതിൽ പാർട്ടിക്ക് അതൃപ്തി ഉണ്ടെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. മുൻപു ചേർന്ന മന്ത്രിസഭായോഗത്തിൽ പരാതികൾ ഉയർന്നപ്പോൾ ബന്ധപ്പെട്ട മന്ത്രിയുമായി ആലോചിച്ചേ വകുപ്പ് മേധാവികളെ തീരുമാനിക്കാവൂ എന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു നിർദേശിച്ചിരുന്നു. 

ശ്രീറാം വെങ്കിട്ടരാമന് കലക്ടർ എന്ന നിലയിൽ ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു പിന്തുണ ലഭിക്കുന്നില്ലെന്ന് ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് സ്ഥാനത്തുനിന്ന് മാറ്റിയത്.

അതൃപ്തി സിപിഎമ്മിലും

ഹൗസിങ് ബോർഡ് കമ്മിഷണർ എൻ.ദേവിദാസിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിയമിച്ചതു വ്യവസായമന്ത്രി പി.രാജീവ് അറിയാതെ ആണെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ഇക്കാര്യം അദ്ദേഹം പുറമേ പ്രകടിപ്പിക്കുന്നില്ല. മറ്റു ചില ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച് സിപിഎം, ഘടകകക്ഷി മന്ത്രിമാർക്കും അതൃപ്തിയുണ്ട്. നേരത്തേ, മൃഗസംരക്ഷണ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി എം.ശിവശങ്കറെ നിയമിച്ചതും വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി അറിയാതെയായിരുന്നു.

English Summary : Sriram Venkitaraman new appointment issue: CM Pinarayi Vijayan against G.R.Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com