അന്നമനട (തൃശൂർ) ∙ വെള്ളംകയറി മുങ്ങിയ പടവലത്തോട്ടം കണ്ടു നെഞ്ചുപൊട്ടിയ അശോകൻ കൃഷിഭവനിലേക്കു വിളിച്ചു: ‘സർ, 3 ദിവസമായി എന്റെ തോട്ടം വെള്ളത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല.’ അശോകനെ അമ്പരപ്പിച്ച് കൃഷി അസിസ്റ്റന്റ് സുനിൽ രാജ് ഉടൻ തോട്ടത്തിലെത്തി. 5 ഏക്കറിലായി 600 കിലോഗ്രാം പടവലങ്ങ അശോകനൊപ്പം വെള്ളത്തിലിറങ്ങി പറിച്ചുകൂട്ടി. തീർന്നില്ല, കൃഷിവകുപ്പ് സംഘമെത്തി അഗ്രോ സർവീസ് സെന്ററിന്റെ വാഹനത്തിൽ നാടുമുഴുവൻ കൊണ്ടുനടന്നു വിറ്റുതീർത്തു! വിള മുഴുവനും നശിച്ചു വലിയ നഷ്ടമുണ്ടാകുമെന്നു കരുതിയ അശോകനു വലിയ ആശ്വാസം.
ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയപ്പോഴാണ് അന്നമനട പൂവത്തുശേരിയിൽ കണ്ടത്തിൽ അശോകന്റെ കൃഷിയിടം മുങ്ങിയത്. മാള കൃഷി അസി. ഡയറക്ടർ സോണിയ അഗ്രോ സർവീസ് സെന്ററിന്റെ വാഹനം വിട്ടുകൊടുത്തു. കൃഷിവകുപ്പ് കരാർ ജീവനക്കാരായ സന്ദീപ്, കുമാരദാസ് എന്നിവരുടെ സഹായത്തോടെ മാള, പൊയ്യ, കൊടുങ്ങല്ലൂർ മേഖലകളിൽ എത്തിച്ചാണു പടവലങ്ങ വിറ്റത്. ഇതേ തോട്ടത്തിൽനിന്നു സംഭരിച്ച 2 ചാക്ക് പച്ചക്കറി മേലഡൂരിലെ ദുരിതാശ്വാസ ക്യാംപിലും എത്തിച്ചുനൽകി.
English Summary: Agriculture department help for Asokan