ADVERTISEMENT

തലശ്ശേരി ∙ ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയതിലൂടെ തലശ്ശേരിയുടെ ചരിത്രത്തിൽ സുപ്രധാന ഇടം നേടിയ മാളിയേക്കൽ മറിയുമ്മ(97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്‌ലിം സ്ത്രീകൾക്കു പൊതു വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്ത്, 1938ൽ തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവന്റിൽ ചേർന്ന് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ വനിതയെന്ന നിലയിലാണു ചരിത്രത്തിൽ മറിയുമ്മയുടെ സ്ഥാനം. 

പത്താം ക്ലാസിനു തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠനം നിർവഹിച്ചു. വിദ്യാഭ്യാസ–സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസുകൾ തുടങ്ങുന്നതിന് എത്രയോ മുൻപു തന്നെ മറിയുമ്മ തനിക്കു ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. മുസ്‌ലിം എജ്യുക്കേഷൻ സൊസൈറ്റിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. 1970ൽ കോഴിക്കോടു നടന്ന സമ്മേളനത്തിൽ മറിയുമ്മ ‘മുസ്‌ലിം വുമൺ എജ്യുക്കേഷൻ’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം ചരിത്രമായി.

മറിയുമ്മ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിനു സമാനതകളില്ലെന്നു പറയാം. മലബാർ മുസ്‌ലിംകളുടെ തനതു വേഷമായ കാച്ചിയും തട്ടവും ആഭരണങ്ങളും തന്നെയായിരുന്നു കാലമേറെ കഴിഞ്ഞും മറിയുമ്മയുടെ വേഷം. സമുദായത്തിലെ യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകാരെ അകറ്റി നിർത്തിയ മറിയുമ്മ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായിരുന്നു. അനായാസമായി ഇംഗ്ലിഷ് സംസാരിച്ചിരുന്ന അവർ ഇംഗ്ലിഷ് പത്രങ്ങളും മാസികകളും സ്ഥിരമായി വായിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

ഭർത്താവ്: പരേതനായ വി.ആർ.മാഹിൻ അലി സീനിയർ. മക്കൾ: പി.എം.ആയിഷ, അബ്ബാസ്, പരേതരായ പി.എം.മഷ്ഹൂദ് (ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ്), സാറ. മരുമക്കൾ: ഷാഹിദ, മഹിജ, പരേതരായ ബി.എം.മമ്മൂട്ടി (പെരുമ്പാവൂർ), ഇ.കെ.ഖാദർ. 

English Summary: Maliyekkal Mariyumma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com