നവോത്ഥാനം വീണ്ടും; പിന്നിൽ സിപിഎം

cpm-logo
SHARE

തിരുവനന്തപുരം∙ നവോത്ഥാന സംരക്ഷണ സമിതിക്കു വീണ്ടും ജീവൻ വയ്ക്കുമ്പോൾ പിന്നിൽ എല്ലാ പിന്തുണയുമായി സിപിഎം. ജില്ലാ കമ്മിറ്റികൾ അഴിച്ചുപണിയാനും പഞ്ചായത്തുതലം വരെ സമിതി വ്യാപിപ്പിക്കാനും കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു സാമുദായിക സംഘടനകളെ ചേർത്തുനിർത്താനുള്ള നീക്കമെന്നാണു പൊതു വിലയിരുത്തൽ. എന്നാൽ സമിതി അതു നിഷേധിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിലെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തിരഞ്ഞെടുപ്പു ചർച്ചകൾ വിലക്കിയെന്നാണ് അവകാശവാദം.

ഇത്തവണ യോഗത്തിൽ 70 പേർ പങ്കെടുത്തു; ഏകദേശം 38 സംഘടനകളുടെ പ്രതിനിധികൾ. ആകെ അൻപതോളം സംഘടനകളാണ് സമിതിയിലുള്ളത്. എസ്എൻഡിപി, കെപിഎംഎസ്, കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) തുടങ്ങിയവ നേതൃത്വം നൽകുന്നു. സിപിഎമ്മിന്റെ കീഴിലെ പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡന്റും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.സോമപ്രസാദാണു സമിതി ട്രഷറർ.

ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചതിനെതിരെ എൻഎസ്എസ് നേതൃത്വത്തിൽ ഒരു വിഭാഗം സംഘടനകൾ അണിനിരന്നപ്പോൾ അതിനെ ചെറുക്കാനായാണു സിപിഎം രക്ഷാകർതൃത്വത്തിൽ മറു സംഘടനകൾ ചേർന്നു സമിതി രൂപീകരിച്ചത്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ വനിതാ മതിൽ അടക്കം സംഘടിപ്പിച്ചു. എന്നാൽ സർക്കാരിനും എൽഡിഎഫിനും എതിരെ വിശ്വാസികളുടെ പ്രതിഷേധം വിജയം കാണുമെന്നു വന്നതോടെ സമിതി മരവിച്ചു. സിപിഎമ്മിനും താൽപര്യം പോയി.

ഏതാനും മാസം മുൻപ് നേതൃയോഗം വിളിച്ചെങ്കിലും മുഖ്യമന്ത്രിക്ക് അസൗകര്യം വന്നു. പകരം ധന, പട്ടികജാതി ക്ഷേമ മന്ത്രിമാരെ വിളിച്ചു നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചെങ്കിലും സംഘാടകർ തയാറായില്ല. പുതിയ ജനറൽ സെക്രട്ടറി പി.രാമഭദ്രൻ അവതരിപ്പിച്ച പ്രവർത്തനരേഖയിലും പിണറായിക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആണ് പങ്കെടുത്ത ഏക മുസ്‌ലിം സംഘടന. കാന്തപുരം വിഭാഗവും എംഇഎസും സഹകരിക്കുന്നതായി സംഘാടകർ അവകാശപ്പെടുന്നെങ്കിലും എത്തിയിരുന്നില്ല. ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് ഒരു പ്രതിനിധി പങ്കെടുത്തു.

മുൻപു സ്ത്രീ–പുരുഷ തുല്യതയാണു മുന്നോട്ടുവച്ചതെങ്കിൽ ഇപ്പോൾ ഭരണഘടനാ സംരക്ഷണമാണ്. 15ന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സമ്മേളനവും ഇതെക്കുറിച്ചാണ്. അന്നുതന്നെ സമിതിയുടെ ഭരണഘടനയും അന്തിമമാക്കും. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ വെള്ളാപ്പള്ളിയും പങ്കെടുക്കും.

സമിതി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ സംഘടനയിൽ സജീവമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതാനും നാളുകളായി അങ്ങനെ ആയിരുന്നില്ല. ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന കെഡിഎഫ് പ്രസിഡന്റ് പി.രാമഭദ്രന്റെ ജനറൽ സെക്രട്ടറി പദവിയിലേക്കുള്ള വരവ് യാദൃച്ഛികമല്ല. കെപിസിസി നിർവാഹകസമിതി അംഗമായിരുന്ന രാമഭദ്രൻ ശബരിമല സമരകാലത്താണ് ഇടതുപക്ഷത്തേക്കു ചാഞ്ഞത്. യുഡിഎഫിനെ സഹായിച്ചു വന്ന കെഡിഎഫ് അതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനു പിന്തുണ പ്രഖ്യാപിച്ചു. ഈ സർക്കാർ രാമഭദ്രനെ കരകൗശല വികസന കോർപറേഷൻ ചെയർമാനുമാക്കി. എൽഡിഎഫ് കക്ഷികൾക്കു പുറത്തുനിന്നുള്ള ഈ നിയമനം സമിതിയുടെ പ്രവർത്തനം കൂടി മുന്നിൽക്കണ്ടാണെന്നു വ്യക്തം.

Content Highlights: Renaissance, CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}