ADVERTISEMENT

മലയിൻകീഴ് (തിരുവനന്തപുരം) ∙ ആതിര എന്ന മലയാളി പെൺകുട്ടി ഇനി പറക്കാൻ ഒരുങ്ങുന്നത് ബഹിരാകാശത്തിലേക്ക്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്ക്കു കീഴിൽ ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാലുകാരിയാണ് പേയാട് മൂങ്ങോട് അക്ഷര നഗർ പാലമറ്റത്ത് വി.വേണുവിന്റെയും പ്രീതയുടെയും മകൾ ആതിര പ്രീത റാണി. ഈ പരിശീലനം വിജയിച്ചാൽ കൽപന ചൗള, സുനിതാ വില്യംസ് എന്നിവർക്കു ശേഷം ബഹിരാകാശത്ത് പറക്കുന്ന മറ്റൊരു ഇന്ത്യൻ വനിതയാകും ആതിര. ആദ്യ മലയാളിയും. 

സ്കൂൾ പഠനകാലം മുതൽ തുടങ്ങിയതാണ് ആതിരയുടെ ആകാശ യാത്രാ അന്വേഷണങ്ങൾ . തലസ്ഥാനത്തെ ജ്യോതിശാസ്ത്ര സംഘടനയായ ‘ആസ്ട്രോ’യുടെ ക്ലാസുകളിൽ സ്ഥിരം സാന്നിധ്യമായതോടെ തന്റെ ലോകത്തേക്കുള്ള വഴികൾ തുറന്നു. പിന്നീട് ജീവിതപങ്കാളിയായ ഗോകുലിനെ പരിചയപ്പെടുന്നതും ഇതേ ക്ലാസ് മുറിയിൽ വച്ചാണ്. സമ്പാദിച്ചു കൊണ്ട് പഠിക്കുക എന്ന നിർബന്ധവും പൈലറ്റാവുക വഴി തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന നിശ്ചയവും ആതിരയെ ചെറുപ്രായത്തിൽ തന്നെ കൊണ്ടെത്തിച്ചത് കാനഡയിലെ ഒട്ടോവ അൽഗോൺക്വിൻ കോളജിലാണ്. അവിടെ ‘റോബോട്ടിക്സ്’ പഠിക്കാൻ സ്കോളർഷിപ്പോടെ പ്രവേശനം നേടി.

കാനഡയിൽ വ്യോമസേനയിൽ ചേരാതെ തന്നെ പൈലറ്റ് പരിശീലനം നേടാനുള്ള അവസരം ഉണ്ടെന്ന് അറിഞ്ഞതോടെ പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. അതിലെ സമ്പാദ്യം കൊണ്ടാണ് പൈലറ്റ് പരിശീലനം നേടിയത്. ഇതിനിടെ അൽഗോൺക്വിൻ കോളജിൽ നിന്ന് ഉന്നത വിജയം നേടി. 20–ാം വയസ്സിൽ ആദ്യമായി വിമാനം നിയന്ത്രിച്ചു.

ഇതിനിടെ വിവാഹിതയായ ആതിര ഭർത്താവ് ഗോകുലുമായി ചേർന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമുള്ള സ്റ്റാർട്ടപ്  കാനഡയിൽ തുടങ്ങി. വിവിധ ലക്ഷ്യങ്ങളോടെ ‘എക്സോ ജിയോ എയിറോസ്‍പേസ്’ എന്ന പേരിൽ സ്പേസ് കമ്പനിയും ഇവർ മാസങ്ങൾക്കു മുൻപ് ആരംഭിച്ചു. പിന്നാലെയാണ് ബഹിരാകാശ യാത്രയ്ക്കുള്ള അന്വേഷണങ്ങൾ തുടങ്ങിയത്. 

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോനോട്ടിക്കൽ സയൻസ് എന്ന സംഘടന നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാസ, കനേഡിയൻ സ്പേസ് ഏജൻസി , നാഷനൽ റിസർച് കൗൺസിൽ ഓഫ് കാനഡ എന്നീ വിവിധ ഏജൻസികൾ ചേർന്നാണ് പരിശീലനം നൽകുന്നത്. മെഡിക്കൽ പരിശോധന ഉൾപ്പെടെ വിവിധ ഘട്ടങ്ങൾ കടന്നാണ് പദ്ധതിയുടെ ഭാഗമായത്. 

വിവിധ രാജ്യങ്ങളിൽ നിന്നായി 12 പേരാണ് ഈ സംഘത്തിൽ പരിശീലനത്തിന് ഉള്ളത്. 3 മുതൽ 5 വർഷം വരെയാണ് പരിശീലന കാലയളവ്. തുടർന്ന് ബയോ അസ്ട്രോനോട്ടിക്സിൽ ഗവേഷണവും പൂർത്തിയാക്കണം. ഇവയെല്ലാം കഴിഞ്ഞ് ആതിര ബഹിരാകാശത്തേക്ക്  ഉയരുന്നത് അഭിമാനത്തോടെ നോക്കി നിൽക്കാൻ സാധിക്കും ഓരോ ഇന്ത്യക്കാരനും അതിലുപരി ഓരോ മലയാളിക്കും.

English Summary: Athira preetha rani for nasa space project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com