ADVERTISEMENT

തിരുവനന്തപുരം ∙ ഡീസൽ വാങ്ങാൻ പണമില്ലാതെ സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്ന കെഎസ്ആർടിസിക്ക് മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് 20 കോടി രൂപ നൽകാമെന്നു സമ്മതിച്ചു. ചൊവ്വാഴ്ചയോടു കൂടി മാത്രമേ പണം കിട്ടാൻ സാധ്യതയുള്ളൂ എന്നതിനാൽ യാത്രാപ്രതിസന്ധി ഇന്നും നാളെയും തുടർന്നേക്കും. 

സംസ്ഥാനത്ത് ഇന്നലെ 800ലേറെ സർവീസുകളാണു റദ്ദാക്കിയത്. കലക്‌ഷൻ തുകയിൽനിന്ന് സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനമടിക്കാൻ അനുമതി നൽകിയതോടെയാണു പല ഡിപ്പോകൾക്കും ദീർഘദൂര സർവീസുകൾ നടത്താനായത്. ഇന്നും ഓർഡിനറി സർവീസുകൾ കൂടുതൽ വെട്ടിക്കുറയ്ക്കും. 

ശമ്പളം നൽകാനായി ധനവകുപ്പ് അനുവദിച്ച തുക ലഭിക്കാതെ വന്നതോടെ, കലക്‌ഷൻ തുക കൊണ്ടു ശമ്പളം നൽകിയതാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്. ഇതോടെ ഡീസൽ വാങ്ങാൻ പണമില്ലാതായി. 13 കോടി രൂപ എണ്ണക്കമ്പനികൾക്കു അടിയന്തരമായി കൈമാറിയാൽ മാത്രമേ തൽക്കാലത്തേക്കെങ്കിലും ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. 30 കോടി രൂപ വായ്പാ തിരിച്ചടവും 20 കോടി രൂപ ശമ്പള വിതരണത്തിനുമായി ആകെ 50 കോടി രൂപയാണ് എല്ലാ മാസവും ധനവകുപ്പ് കെഎസ്ആർടിസിക്ക് നൽകുമെന്ന് അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം നൽകാനുള്ളതിൽ ബാക്കി 20 കോടി രൂപയാണ് നൽകാമെന്ന് സമ്മതിച്ചത്. 

മുടങ്ങിയതിലേറെയും ഗ്രാമീണ ബസുകൾ

ഓർഡിനറി സർവീസുകളിൽ ഏറെയും ഇന്നലെ മുടങ്ങിയതോടെ ഗ്രാമീണ മേഖലകളിലേക്ക് ആവശ്യത്തിനു ബസില്ലാതെ ജനം വലഞ്ഞു. അവധി ദിവസമായ ഇന്നു കൂടുതൽ സർവീസുകൾ കുറയ്ക്കാനാണു തീരുമാനം. നാളെ കൂടുതൽ സർവീസുകൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഡിപ്പോ അധികൃതർ. തിങ്കളാഴ്ചകളിലാണ് ഏറ്റവും കൂടുതൽ പേർ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നത്.

സാധാരണ ദിവസങ്ങളിൽ 16 ലക്ഷം പേരാണു യാത്ര ചെയ്യുന്നതെങ്കിൽ തിങ്കളാഴ്ച എണ്ണം 20 ലക്ഷം കടക്കും. ധനവകുപ്പ് അനുവദിച്ച പണം നാളെ ലഭ്യമായാൽ ചൊവ്വ മുതൽ സർവീസുകൾ സാധാരണ നിലയിലാക്കാമെന്നാണു പ്രതീക്ഷ. വിവിധ ജില്ലകളി‍ൽ റദ്ദാക്കിയ സർവീസുകൾ: കൊല്ലം (150), പത്തനംതിട്ട (37), ആലപ്പുഴ (34), കോട്ടയം (77), എറണാകുളം (70), തൃശൂർ (12), പാലക്കാട് (33), മലപ്പുറം (3), കോഴിക്കോട് (61), വയനാട് (86), കണ്ണൂർ (139), കാസർകോട് (18). 

English Summary: Government allotted 10 crore to KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com