ADVERTISEMENT

തിരുവനന്തപുരം ∙ പല കേസിലും അന്വേഷണ ഉദ്യോഗസ്ഥർ വ്യാജ ഫൊറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കുന്നു എന്ന, മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഐജി ഹർഷിത അട്ടലൂരി.

എന്നാൽ ഇതു സംബന്ധിച്ച മൊഴിയെടുക്കാൻ ഫോണിൽ വിളിച്ച തന്നോട് ശ്രീലേഖ സഹകരിച്ചില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഉചിത തുടർ നടപടി സ്വീകരിക്കാമെന്നും ഐജി റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിജിപി അനിൽ കാന്ത് ഇത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെയും ഫൊറൻസിക് ലാബ് ഉദ്യോഗസ്ഥരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണു സർക്കാർ ശ്രീലേഖയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഏതാനും മാസം മുൻപാണു ഫൊറൻസിക് ഫലങ്ങളിൽ വ്യാപക തിരിമറി ഉണ്ടെന്ന തരത്തിൽ ശ്രീലേഖ ആരോപണം ഉന്നയിച്ചത്. ഇതോടെ ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതിയിലെത്തിയ കേസുകളുടെ ഭാവി ചോദ്യചിഹ്നമായി. മിക്ക ഉന്നത ഉദ്യോഗസ്ഥരും അതൃപ്തി ഡിജിപിയെ അറിയിച്ചു. 

പരാമർശത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഐപിഎസ് അസോസിയേഷൻ യോഗത്തിൽ അഭിപ്രായമുണ്ടായി. ഫൊറൻസിക് ലാബ് ഉദ്യോഗസ്ഥരും പരാതി നൽകി. തുടർന്നാണ് അന്വേഷണത്തിന് ഐജി ഹർഷിത അട്ടലൂരിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ശ്രീലേഖയുടെ മൊഴിയെടുക്കാൻ ഹർഷിത ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ തനിക്ക് താൽപര്യമില്ലെന്നും മേലിൽ ഇക്കാര്യത്തിനു വിളിക്കരുതെന്നും ഹർഷിതയ്ക്കു ശ്രീലേഖ കർശന നിർദേശം നൽകിയെന്നാണു ക്രൈംബ്രാഞ്ച് ഉന്നതർ ഡിജിപിയെ അറിയിച്ചത്.

ശ്രീലേഖ കുറച്ചുകാലം ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ കീഴിലാണു ഫൊറൻസിക് ലാബ്. അവിടത്തെ പ്രശ്നങ്ങൾ പഠിക്കാൻ ശ്രീലേഖയുടെ അധ്യക്ഷതയിൽ മുൻപു ലാബ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവരുടെ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. 

രാജ്യത്തെ മികച്ച ലാബാണ് ഇതെന്നും പരിശോധനാ റിപ്പോർട്ടുകൾ ശാസ്ത്രീയ അടിത്തറയുള്ളതാണെന്നും ശ്രീലേഖ കൂടി ഒപ്പിട്ട റിപ്പോർട്ട് സർക്കാരിനു നൽകിയിരുന്നു. ഇതും ഹർഷിത റിപ്പോർട്ടിന്റെ ഭാഗമായി നൽകി. നടികേസിലെ വെളിപ്പെടുത്തലുകൾ പൊലീസ് അന്വേഷണത്തിലാണെന്നും ചൂണ്ടിക്കാണിച്ചു.

ശ്രീലേഖ പറഞ്ഞത്

പല കേസുകളിലും അന്വേഷണ സംഘം വ്യാജ ഫൊറൻസിക് റിപ്പോർട്ട് ഉണ്ടാക്കിയ സംഭവമുണ്ട്. ഫൊറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിനു പരിഹാരമാകൂ. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നു. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുന്നു. ഫൊറൻസിക് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം. അതിന് ആ വകുപ്പിനെ പൊലീസിനു പുറത്തു നിർത്തണം. ഈ ആവശ്യം ഉന്നയിച്ചു റിപ്പോർട്ട് നൽകിയതാണ്. ആരും ശ്രദ്ധിച്ചില്ല. വളരെ എളുപ്പമാണു തിരിമറികൾ നടത്താൻ.

English Summary: IG rejects allegations by former dgp sreelekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com