‘ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൂടി; ഒരാൾ പുഴയിലൂടെ നീന്തിപ്പോകുന്നതു കണ്ടു’

irshad-murder-5
ഇർഷാദ്
SHARE

കോഴിക്കോട് ∙ ‘പാലത്തിനു സമീപം ഒരു ചുവന്ന കാർ നിർത്തി കുറച്ചു പേർ ഇറങ്ങി പാലത്തിന്റെ അരികിലെ വഴിയിലൂടെ താഴേക്ക് ഇറങ്ങുന്നതു കണ്ടു. പെട്ടെന്ന് ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും കുറേപ്പേർ കാറിൽ കയറി ഓടിച്ചുപോയി’ – പുറക്കാട്ടിരി പാലത്തിനു സമീപം കക്ക കച്ചവടം നടത്തുന്ന മുള്ളങ്കണ്ടി ഗോവിന്ദൻ പറഞ്ഞു. അൽപസമയത്തിനു ശേഷം ഒരാൾ പുഴയിലൂടെ നീന്തിപ്പോകുന്നതു കണ്ടെന്നു പാലത്തിനു സമീപം പുഴയുടെ തീരത്ത് താമസിക്കുന്ന സി.കമല പറയുന്നു.

ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ ഇന്നലെ പുറക്കാട്ടിരി പാലത്തിനു സമീപം പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിനു മുന്നിലും ഇവർ ഈ മൊഴി വിവരിച്ചു. ജൂലൈ 15ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അത്തോളി ഭാഗത്തേക്കു സഞ്ചരിച്ച കാറാണ് പാലത്തിനു സമീപത്ത് നിർത്തിയത്. തട്ടിക്കൊണ്ടു പോയി അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിപ്പിച്ചിരുന്ന ഇർഷാദിനെ അത്തോളി ഭാഗത്തേക്കു കൊണ്ടുപോവുകയായിരുന്നു. വഴിയിൽ വച്ച് ഛർദിക്കണം എന്നു പറഞ്ഞെന്നും പുറത്തിറങ്ങി പുഴയുടെ അരികിലേക്കു പോയപ്പോൾ ചാടിയെന്നുമാണ് പ്രതികളുടെ മൊഴി.

പാലത്തിന്റെ ഇരു വശത്തും പുഴയരികിലേക്ക് ഇറങ്ങാവുന്ന വഴി നിർമിച്ചിട്ടുണ്ട്. പുഴയോരത്ത് ധാരാളം വീടുകളുണ്ട്. ഈ വഴിയിലൂടെയാണ് സംഘം ഇർഷാദുമായി താഴേക്കു പോയത്. ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ കൂടിയതോടെ ഇവർ രക്ഷപ്പെട്ടു.

∙ സ്വാലിഹ് മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം

ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷം. നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുൻപാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് മേയിൽ നാട്ടിലെത്തിയത്. എന്നാൽ ഈ സ്വർണം ഇർഷാദ് മറ്റു ചിലർക്കു വിറ്റെന്നു പൊലീസ് പറയുന്നു.

∙ മുഖ്യപ്രതിക്കെതിരെ സ്ത്രീപീഡനക്കേസും

ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹിനെതിരെ സ്ത്രീ പീഡനത്തിനു കേസ്. ഇർഷാദിന്റെ മരണത്തിനു കാരണമായ അതേ കള്ളക്കടത്തു സ്വർണവുമായി ബന്ധപ്പെട്ടായിരുന്നു പീഡനമെന്നു പരാതിയിൽ പറയുന്നു. പത്തനംതിട്ട സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത്. ഈ യുവതിയുടെ ഭർത്താവാണ് ദുബായിൽ ഇർഷാദിനെ മുഹമ്മദ് സ്വാലിഹിനു പരിചയപ്പെടുത്തിക്കൊടുത്തത്.

Content Highight: Irshad murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}