ADVERTISEMENT

തൃശൂർ ∙ നഷ്ടപ്പെട്ട ജീവൻ കാക്കാൻ ഉപകരിച്ചില്ലെങ്കിലും വൈകിവന്ന നീതി പോലെ ഫിലോമിനയുടെ കുടുംബത്തിനു നിക്ഷേപം മുഴുവൻ തിരിച്ചുകിട്ടി. കരുവന്നൂർ സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിത്സയ്ക്കു പണമില്ലാതെ ജീവൻ നഷ്ടപ്പെട്ട മാപ്രാണം സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിനു മുഴുവൻ നിക്ഷേപവും മന്ത്രി ആർ. ബിന്ദു നേരിട്ടെത്തി കൈമാറി. ഫിലോമിനയുടെ ഭർത്താവ് ദേവസ്സി, മകൻ ഡിനോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി. 21 ലക്ഷം രൂപ ചെക്ക് ആയും 2 ലക്ഷം രൂപ പണമായും കൈമാറി. സേവിങ്സ് അക്കൗണ്ടിൽ 64,000 രൂപ കൂടി ബാക്കിയ‍ുണ്ട്. 

ഫിലോമിനയും ഭർത്താവ് ദേവസ്സിയും 40 വർഷത്തോളം ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കരുവന്നൂർ സഹകരണ ബാങ്കിലാണു നിക്ഷേപിച്ചിരുന്നത്. ബാങ്ക് തട്ടിപ്പു പുറത്തുവന്നതോടെ നിക്ഷേപം മടക്കിനൽകാത്ത സ്ഥിതിയായി. 23.64 ലക്ഷം രൂപ അക്കൗണ്ടിൽ കിടക്കുമ്പോഴും വിദഗ്ധ ചികിത്സയ്ക്കു മാർഗമില്ലാതെയാണു ഫിലോമിന മരിച്ചത്. ചികിത്സയ്ക്കാവശ്യമായ പണം ബാങ്ക് നൽകിയിരുന്നെന്നു നേരത്തെ മന്ത്രി ബിന്ദു പ്രതികരിച്ചതു വിവാദമായിരുന്നു. ഇതിനു പിന്നാലെ ഫിലോമിനയുടെ വീട് മന്ത്രി സന്ദർശിച്ചിരുന്നു. 

സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ എം. ശബരീദാസൻ, മുകുന്ദപുരം അസി. റജിസ്ട്രാർ എ. ദേവരാജ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ടി.കെ. രവീന്ദ്രൻ, അംഗം എം.എം. വിനോദ്, അസി. റജിസ്ട്രാർ സി. സുരേഷ്, ബാങ്ക് സെക്രട്ടറി കെ. ശ്രീകല എന്നിവർക്കൊപ്പമാണു മന്ത്രി ഉച്ചയോടെ ഫിലോമിനയുടെ വീട്ടിലെത്തിയത്. 

മരിച്ച ഫിലോമിനയുടെ മാപ്രാണത്തെ വീട്ടിലെത്തിയ മന്ത്രി ആർ.ബിന്ദു, ഭർത്താവ് ദേവസിക്ക് ചെക്കും പണവും കൈമാറുന്നു.
മരിച്ച ഫിലോമിനയുടെ മാപ്രാണത്തെ വീട്ടിലെത്തിയ മന്ത്രി ആർ.ബിന്ദു, ഭർത്താവ് ദേവസിക്ക് ചെക്കും പണവും കൈമാറുന്നു.

‘ഈ പണം നേരത്തെ ലഭിച്ചെങ്കിൽ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു..’

മന്ത്രി ആർ. ബിന്ദുവും സംഘവുമെത്തി ചെക്ക് കൈമാറിയശേഷം മകൻ ഡിനോ പ്രത‍ികരിച്ചതിങ്ങനെ: ‘ഈ പണം കുറച്ചു നേരത്തെ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അമ്മയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു..’ അതേസമയം, കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്കു പ്രയാസം ഉണ്ടാകാതിരിക്കാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നു മന്ത്രി പ്രതികരിച്ചു. കൺസോർഷ്യം രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികളായ ചിലർതന്നെ പരാതി നൽകിയതുമൂലം ആർബിഐ ഇടപെടൽ വന്നു, അതോടെ ശ്രമം മുടങ്ങി. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും നിക്ഷേപകർക്കൊപ്പമാണു സർക്കാരും ഉദ്യോഗസ്ഥരുമെന്നും മന്ത്രി പറഞ്ഞു. 

English Summary: Karuvannur bank returns deceased Philomena's money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com