ഡീസലില്ല, ബസില്ല, ശമ്പളമില്ല...; കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

HIGHLIGHTS
  • ഡീസൽ വാങ്ങാൻ പണമില്ലാതെ കെഎസ്ആർടിസി 50 % ഓർഡിനറി സർവീസുകൾ റദ്ദാക്കി
Malappuram KSRTC Depot | File Photo: FAHAD MUNEER KM
മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ. (File Photo: FAHAD MUNEER KM)
SHARE

തിരുവനന്തപുരം ∙ ധനവകുപ്പു നൽകുമെന്നു പറഞ്ഞ 20 കോടി രൂപ ലഭിക്കാതെ വന്നതോടെ കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഡീസൽ വാങ്ങാൻ പണമില്ലാതെ ഇന്നലെ 50% ഓർഡിനറി സർവീസുകൾ ഓടിയില്ല. ഇതോടെ യാത്രക്കാർ വലഞ്ഞു.

കിലോമീറ്ററിനു 35 രൂപ വരുമാനമുള്ള ഓർഡിനറി സർവീസുകൾ മാത്രം തൽക്കാലം ഓടിച്ചാൽ മതിയെന്നാണു നിർദേശം. ദിവസം 6.5 കോടിയാണ് കെഎസ്ആർടിസിയുടെ ശരാശരി വരുമാനം. അതിൽ മൂന്നരക്കോടിയാണു ഡീസൽ ചെലവ്.

ശമ്പളം നൽകാനും ബാങ്കുകളുടെ മുൻവായ്പക്കുടിശിക അടയ്ക്കാനുമായി ധനവകുപ്പ് നൽകുന്ന 50 കോടി രൂപയിൽ 30 കോടി മാത്രമേ ഇതുവരെ നൽകിയിട്ടുള്ളൂ. അതു ബാങ്കുകളുടെ വായ്പക്കുടിശികയായി അടച്ചു. ബാക്കി 20 കോടി രൂപ ആവശ്യപ്പെട്ടുള്ള ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ നൽകിയിട്ടു മൂന്നാഴ്ചയായിട്ടും പണം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 5 കഴിഞ്ഞിട്ടും ജീവനക്കാർക്കു ജൂലൈയിലെ ശമ്പളം നൽകാൻ ആലോചന പോലും തുടങ്ങിയിട്ടില്ല.

ഇപ്പോൾ ദിവസേന പണം നൽകിയാണു ഡീസൽ വാങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനു മുൻ കുടിശിക 123 കോടിയും പലിശയും ചേർത്തു 139 കോടി കൊടുക്കാനുള്ളതിനാൽ ഇന്ധനം ലഭിക്കില്ല.

10 ജില്ലകളിൽ പ്രതിസന്ധി

കൊല്ലം (140), കണ്ണൂർ (69), വയനാട് (46), കാസർകോട് (35), കോട്ടയം (32), പത്തനംതിട്ട (23), തൃശൂർ (18) എന്നിങ്ങനെ വിവിധ ജില്ലകളിൽ ഷെഡ്യൂളുകൾ മുടങ്ങി. കോഴിക്കോട്ട് സ്വകാര്യ പെട്രോൾ ബങ്കിൽനിന്ന് 6,000 ലീറ്റർ ഡീസൽ വാങ്ങിയാണ് അത്യാവശ്യ സർവീസുകൾ നടത്തിയത്. എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ബുദ്ധിമുട്ടുണ്ടായില്ല.

Content Highlight: KSRTC financial cricis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}