ADVERTISEMENT

കോട്ടയം ∙ സിൽവർലൈൻ പദ്ധതിയിലും കേരള കോൺഗ്രസിന്റെ (എം) മുന്നണി പ്രവേശനത്തിലും സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സമ്മേളന റിപ്പോർട്ട്. ഏറ്റുമാനൂരിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സിപിഎമ്മിനും സിപിഎം മന്ത്രിമാർക്കുമെതിരെ വിമർശനമുള്ളത്.

ഒന്നാം പിണറായി സർക്കാരിനു ലഭിച്ച അംഗീകാരവും ജനപിന്തുണയും രണ്ടാം സർക്കാരിന് ഇല്ല. മുന്നണിയുടെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാരിനു തുടർഭരണം ലഭിച്ചത്. ഈ വസ്തുത അവഗണിച്ച് ഇതു ചിലരുടെ മാത്രം കഴിവു കൊണ്ടാണെന്നു ധാരണ പരത്താൻ പ്രചാരണം നടക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക പരസ്യങ്ങളിൽ എൽഡിഎഫ് എന്ന വാക്ക് ഒരു പരസ്യത്തിൽ പോലും നൽകിയില്ല. സിപിഎം മന്ത്രിമാർ ബൂർഷ്വ പാർട്ടിയുടേതിനു സമാനമായ രീതിയിൽ പെരുമാറുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.

റിപ്പോർട്ടിൽനിന്ന്: എൽഡിഎഫ് തുടർഭരണത്തിൽ മുന്നണിയുടെ രാഷ്ട്രീയ ദൗത്യത്തിൽ നിന്നു വ്യതിചലിച്ചു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സിപിഐ തിരുത്തലിനായി ഇടപെട്ടു. ഗ്ലോബൽ മീറ്റ് നടത്തി ആധുനിക വ്യവസായത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പരമ്പരാഗത തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്ന കാര്യം മറന്നു. 

കേന്ദ്ര സർക്കാരിൽ നിന്നു വെള്ളൂർ എച്ച്എൻഎൽ വിലയ്ക്കു വാങ്ങി. മന്ത്രി പി.രാജീവ് ഏകപക്ഷീയമായി ഉദ്ഘാടന മാമാങ്കം നടത്തി. തൊഴിൽ നഷ്ടപ്പെട്ട ഒരാൾക്കു പോലും ജോലി ലഭിച്ചില്ല. സിൽവർലൈൻ പദ്ധതി ജനങ്ങളെ സർക്കാരിന് എതിരാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്തു കാര്യങ്ങൾ വിശദീകരിച്ചു സാവകാശം നടപ്പാക്കേണ്ടതിനു പകരം അധികാരത്തിന്റെ ഹുങ്കും ധാർഷ്ട്യവും കാണിച്ചു.

‘കേരള കോൺഗ്രസ് (എം) ബന്ധം നേരത്തേ തുടങ്ങിയത് ’

തദ്ദേശ തിരഞ്ഞെടുപ്പുകാലത്താണു കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ഔദ്യോഗികമായി ചേരുന്നത്. എന്നാൽ, കോട്ടയം ജില്ലയിൽ അതിനു വളരെ മുൻപു തന്നെ സിപിഎമ്മിനു കേരള കോൺഗ്രസുമായി രഹസ്യബന്ധം ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതു ബോധ്യമായി. തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസുമായി ചേർന്നു സിപിഐക്കെതിരെ പ്രവർത്തിക്കുകയും ചെയ്തു. ഇതു കാരണം ചില പഞ്ചായത്തുകളിൽ സിപിഐയ്ക്ക് ഒറ്റയ്ക്കു മത്സരിക്കേണ്ടി വന്നു. ജില്ലയിൽ കേരള കോൺഗ്രസ് (എം) രണ്ടാം സ്ഥാനത്താണെന്ന ധാരണ പരത്താനും ശ്രമിക്കുന്നുണ്ട്.

കാനം മുഖ്യമന്ത്രിയുടെ അടിമയെപ്പോലെ

പത്തനംതിട്ട ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ അടിമയെപ്പോലെയാണു പ്രവർത്തിക്കുന്നതെന്നു സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. ആനി രാജ വിഷയത്തിൽ പ്രതിരോധിച്ചില്ലെന്നതും എൽദോ ഏബ്രഹാമിനെ പൊലീസ് മർദിച്ചപ്പോൾ കാനം ന്യായീകരിച്ചതുമാണു ചർച്ചയായത്. പ്രതിപക്ഷത്തായിരുന്നെങ്കിൽ കാനം പൊലീസ് മർദനം ന്യായീകരിക്കുമായിരുന്നോയെന്നും പ്രതിനിധികൾ ചോദിച്ചു.

ഇടതുപക്ഷ മുന്നണിക്കു യോജിക്കുന്ന പ്രവർത്തനവും െപരുമാറ്റവുമല്ല മന്ത്രി വീണാ ജോർജിന്റേതെന്നും വിമർശനമുയർന്നു. ആരോഗ്യ വകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്കാകുന്നില്ല. കെ.കെ.ശൈലജയുടെ കാലത്തെ മികവ് നിലനിർത്താൻ കഴിയുന്നില്ല. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള പ്രശ്നങ്ങൾ മുന്നണിക്കു നാണക്കേടായി. മന്ത്രിയുടെ പിടിവാശിയാണു പ്രശ്നങ്ങൾക്കു കാരണമെന്നും സംഘടനാ പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മന്ത്രി ഫോണെടുക്കാറില്ലെന്ന വിമർശനം ജില്ലാ സമ്മേളനത്തിലും ആവർത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി ഇടതുമുന്നണിക്കു തന്നെ അപമാനമാണ്. സിപിഎം നേതാവ് എം.എം.മണിക്കു നേരെയും വിമർശനമുയർന്നു. പെരുമാറ്റവും പ്രതികരണങ്ങളും മൂലം രാഷ്ട്രീയ ഉമ്മറത്തു കയറ്റാൻ കൊള്ളാത്തയാൾ എന്ന വിശേഷണമാണ് മണിക്കെതിരെ ഉയർന്നത്.

കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐയോട് പുച്ഛമാണ്. സിപിഐയെ അവഗണിച്ചാണു കോന്നി മേഖലയിൽ സിപിഎം പ്രവർത്തിക്കുന്നത്. അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. പന്തളം നഗരസഭയിൽ സിപിഐ സ്ഥാനാർഥികളെ സിപിഎം കാലുവാരിയെന്ന വിമർശനങ്ങളും നേതാക്കൾ ഉയർത്തി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം സ്വീകരിച്ചതു ഏകപക്ഷീയ നിലപാടാണ്. സീതത്തോട് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സിപിഎം പ്രശ്നങ്ങളുണ്ടാക്കിയെന്നു സംഘടനാ റിപ്പോർട്ടിലുണ്ട്.

English Summary: CPI district conference criticize CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com